Thursday, June 19, 2008

മഴ

“അരുത്....ആ ജനാലകള്‍ അടയ്ക്കരുത്.”

അവന്റെ ശബ്ദം പരുഷമായിരുന്നു.വേണമെന്ന് വിചാരിച്ചതല്ല,പക്ഷെ താനെ വന്നുപോയതാണ്.പുറത്തു ശക്തമായി മഴപെയ്യുന്നുണ്ടായിരുന്നു.ചെറിയ മഴത്തുള്ളികള്‍ ജനലിലൂടെ അവന്റെ മുഖത്തു പതിയ്ക്കുന്നുണ്ടായിരുന്നു. അതിനാണ് അവള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. മഴയെ ആസ്വദിയ്ക്കുമ്പോള്‍ അവന്‍ അവനെ തന്നെയാണ് അറിയുന്നത്.അവന്റെ ഓര്‍മ്മകളിലെ ബാല്യത്തെ,കൌമാരത്തെ..അങ്ങനെ..!

അവന്റെ ബാല്യത്തിലെ മഴയ്ക്കു, അവന്‍ പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ താങ്ങായി നിന്നിരുന്ന ഒരു വലം കൈയ്യുടെയും,പരുക്കന്‍ കാലുകള്‍ക്ക് അകമ്പടിയായിരുന്ന ഒരു കാലന്‍ കുടയുടെയും നൈര്‍മ്മല്യം ഉണ്ട്.അതെന്തുകൊണ്ടാണെന്ന് അവനറിയില്ല. പക്ഷെ അവനെ ഒരുപാടു സ്നേഹിച്ചിരുന്ന ഒരു വയസ്സന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ അവന്റെ ബാല്യം വിനീത വിധേയനായി ചേര്‍ന്നു നില്‍ക്കുന്നു.ആദ്യമായി അവന്റെ കുഞ്ഞൂ വിരലുകളില്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു കൊടുത്ത്, ജീവിതത്തെ ജീവിതമായി നേരിടാന്‍ ശീലിച്ച, അവന്റെ അച്ച്ചനും,അമ്മയും എല്ലാമായ അവന്റെ മുത്തച്ച്ചന് മുന്നില്‍ അവനെപ്പോഴും അനുസ്സരണയുള്ള കൊച്ചു മകനായിരുന്നു.‘കുഞ്ഞാപ്പൂ’ എന്നു നീട്ടിയുള്ള വിളി കേട്ടാല്‍ അവന്‍ ആ വിളീയ്ക്കു മുന്‍പേ എത്തിയെന്നുള്ളതാണ്. പിന്നീട് ഏതോ ഒരു ഇരുണ്ട ഇടനാഴിയില്‍ വെച്ച് ആ വലം കൈയ്യുടെ ചൂട് അവന് നഷ്ടമായപ്പോള്‍, ഒന്ന് ഉറക്കെ കരയാന്‍ പോലും അവന്‍ ആദ്യമായി ഭയപ്പെട്ട നാളുകള്‍.

പിന്നെ എത്രയോ മഴകള്‍, മഴക്കാലങ്ങള്‍.

കൌമാരത്തിലെ മഴയ്ക്ക് സ്നേഹത്തിന്റെ ചൂട് അനുഭവപ്പെട്ടു തുടങ്ങി.കോളെജ് ദിനങ്ങള്‍ ആസ്വദിച്ച് കൊണ്ട് നടന്നിരുന്ന കാലത്ത്, അവളെ പരിചയപ്പെടുമ്പോള്‍ ഒരു “നല്ല” മഴയുടെ അകമ്പടിയുണ്ടായിരുന്നു.മഴത്തുള്ളികളെ അവന്‍ എണ്ണി എണ്ണിയെണ്ണി പിടിയ്ക്കാന്‍ ശ്രമിച്ചിരുന്നു.സ്നേഹത്തിന്റെ ചൂടുള്ള മഴക്കാലം. അവളുടെ കുഞ്ഞരിപ്പല്ലുകള്‍ കാണിച്ചുള്ള ചിരിയോളം ഭംഗി അന്നത്തെ മഴയ്ക്കു തോന്നിയിരുന്നില്ല.അവളുടെ ചുംബനത്തില്‍ മഴത്തുള്ളികള്‍ക്ക് നിറങ്ങള്‍ പകര്‍ന്നതായി തോന്നി.പച്ച,മഞ്ഞ,ചുവപ്പ് അങ്ങനെ പലനിറങ്ങളിലുള്ള തുള്ളികള്‍.
ഈ അകമ്പടി അവരുടെ വിവാഹത്തിനും ഉണ്ടായിരുന്നു.

“സ്നേഹം, മഴ, പിന്നെ കുട്ടികള്‍.”

പിന്നെ എന്നു മുതലാണ് അവന് ദേഷ്യം വന്നു തുടങ്ങിയത്.കൃത്യമായി അവന് പറയാനാവുന്നില്ല.അവരുടെ ആദ്യത്തെ കലഹത്തിനും മഴ തന്നെ സാക്ഷി.പിന്നെ എത്രയെത്ര കലഹങ്ങള്‍ , പിണക്കങ്ങള്‍..അതിനിടയില്‍ കുട്ടികള്‍.അകലാനാവാത്തവിധം അവര്‍ അടുത്തായിരുന്നെങ്കിലും, അവര്‍ അകന്നു തന്നെ നിന്നു. അവരുടെയിടയില്‍ .പരുത്തികൊണ്ടു നെയ്തെടുത്ത ഒരു നേര്‍ രേഖയുണ്ടായിരുന്നു. അത് അവരെ അകറ്റി തന്നെ നിര്‍ത്തി.

അവന്‍ ആലോചിയ്ക്കുകയായിരുന്നു. അവന്‍ ജീവിതത്തെ അത്രമാത്രം വെറുത്തു തുടങ്ങിയോ. അവന് ഉത്തരം കിട്ടിയില്ല. “വെറുപ്പ്”, അങ്ങിനെയൊന്നുണ്ടോ ? അതും അറിയില്ല. അവനിപ്പോള്‍ അറിയുന്നത് അവന്റെ മുഖത്തു പറ്റിപ്പിടിച്ചിരിയ്ക്കുന്ന മഴത്തുള്ളികള്‍ മാത്രമാണ്. ആ മഴത്തുള്ളികള്‍ തരുന്ന നിര്‍വികാരതയും.

Wednesday, June 11, 2008

കൈയ്യൊപ്പുകള്‍

അവന്റെ യാത്രകള്‍ പലപ്പോഴും അങ്ങിനെയായിരുന്നു.നിനച്ചിരിയ്ക്കാത്ത നേരത്ത് തീരുമാനിയ്ക്കുന്നവ.അതിനൊരു സുഖമുണ്ടെന്നാണ് അവന്റെ ഭാഷ്യം.എങ്ങോട്ടെന്നില്ലാതെയുള്ള ഒരു ഇറങ്ങിപ്പോക്ക്.പലപ്പോഴും ആ യാത്രകളില്‍ കണ്ടുമുട്ടുന്ന എന്തെങ്കിലുമൊന്ന് അവന്റെ മനസ്സില്‍ ഒരു കയ്യൊപ്പ് ഇട്ടു മാറിനില്‍ക്കാറുണ്ട്.അതു പലപ്പോഴും ചില മുഖങ്ങളാകാം,ചില സ്ഥലങ്ങള്‍ അതുമല്ലെങ്കില്‍ ചില ഭാഷകള്‍,ചില വേഷങ്ങള്‍ അങ്ങനെ എന്തുമാകാം.അവയെ ഒപ്പിയെടുക്കാന്‍ അവന് ക്യാമറകള്‍ വേണ്ട,പെന്നോ പെന്‍സിലോ വേണ്ട. അവന്റെ അകക്കണ്ണിന് ചെയ്യാവുന്നതേയുള്ളൂ.
അങ്ങനെ ഏതോ ഒരു യാത്രയില്‍ കണ്ടുമുട്ടിയ ഒരമ്മയെയും മകളെയും കുറിച്ച് അവന്‍ എന്നോടു പറഞ്ഞത് ഒരു കുറിപ്പാക്കുന്നു.അവന്‍ പറയാറുള്ളത് അവന്റെ യാത്രകളില്‍, അവന് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഭാഗങ്ങളില്‍ ഒന്ന് അവന്‍ കണ്ടുമുട്ടുന്ന മുഖങ്ങളാണ്.ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ മുഖങ്ങള്‍.അവയൊരിയ്ക്കലും അത്രപെട്ടെന്ന് മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ലെന്ന് അവന്‍ പറയുന്നു, ഒരു പക്ഷെ അവയുടെ ശില്‍പ്പി ഈശ്വരനായ്തു കൊണ്ടാകാം.അങ്ങനെ പതിഞ്ഞ മുഖങ്ങളാണ് ആ അമ്മയുടെയും കുഞ്ഞിന്റെയും.
ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് അവന്‍ അവരെ കാണുന്നത്.പെണ്‍കുട്ടിയ്ക്ക് ഒരു പതിനാറ് പതിനേഴ് വയസ്സു വരും, അമ്മ ഒരു മധ്യവയസ്ക.പെണ്‍കുട്ടി ഒരു തോള്‍ സഞ്ചി തൂക്കിയിരുന്നു,അമ്മ ഒരു വാതിലിനരുകില്‍ ഇരിയ്ക്കുന്നു.ഈ കുട്ടിയുടെ കൈനിറയെ പുസ്തകങ്ങള്‍ വില്‍ക്കാനായി കാത്തു കിടന്നിരുന്നു.കുട്ടി നല്ല ഉഷാറായി വില്‍പ്പനയില്‍ മുഴുകി നില്‍ക്കുന്നു.ട്രയിന്‍ ഏതാണ്ട് ലക്ഷ്യം എത്താറായി തുടങ്ങി,കുട്ടി കച്ചവടം കഴിഞ്ഞ് അമ്മയുടെ അടുത്തു ചെന്നിരുന്നു.ഒരു പാടു പുസ്തകങ്ങള്‍ കൈയ്യില്‍ ബാക്കിയുണ്ടായിരുന്നു.അമ്മയ്ക്ക് ഒരു ചായ വാങ്ങിച്ച് കൊടുത്ത് കുട്ടി തന്റെ തോള്‍ സഞ്ചിയില്‍ നിന്നും ഒരു പുസ്തകം എടുത്ത് വായനയില്‍ മുഴുകി.നമ്മുടെ സുഹൃത്ത് പുസ്തകത്തിന്റെ പേരു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി, പുസ്തകം അബ്ദുള്‍ കലാമിന്റെ “ വിങ്ങ്സ് ഓഫ് ഫയര്‍” ആയിരുന്നു,ഇംഗ്ലീഷ് പതിപ്പ്.ഇതു കേട്ടപ്പോള്‍ എനിയ്ക്ക് ഞെട്ടലിനേക്കാള്‍ മനസ്സില്‍ നിറഞ്ഞത് പുഞ്ചിരിയായിരുന്നു.എന്റെ സുഹൃത്ത് ആ കുട്ടിയോട് സംസാരിയ്ക്കാന്‍ തയ്യാറെടുക്കുമ്പോഴെയ്ക്കും ആ അമ്മയും മകളും അടുത്തു വന്ന സ്റ്റേഷനില്‍ ഇറങ്ങിപ്പോയിരുന്നു.
പിന്നീട് കുറച്ചുകാലം കഴിഞ്ഞു.സുഹൃത്ത് അവന്റേതായ തിരക്കുകളില്‍ മുഴുകി.പിന്നെയും നിറഞ്ഞൂ നിന്ന യാത്രകള്‍,പല പല സ്ഥലങ്ങള്‍.പിന്നീടൊരുനാള്‍ ഒരു പത്ര വാര്‍ത്തയില്‍ ആ കുഞ്ഞൂം അമ്മയും വന്നു.ഏതോ ഒരു കൂട്ടം മനുഷ്യസ്നേഹികള്‍ ആ കുട്ടിയെയും മാനസിക നിലതെറ്റിയ അമ്മയെയും ഏതൊ ഒരു റെസ്ക്യൂ ഹോമില്‍ ആക്കിയെന്നുള്ള വാര്‍ത്ത.
പിന്നീട് വാര്‍ത്തയില്‍ വന്നത് ആ കുട്ടിയായിരുന്നു. പ്രീ ഡിഗ്രിയ്ക്ക് റാങ്കോടു കൂടി വിജയിച്ച വാര്‍ത്ത. പക്ഷെ ആ വാര്‍ത്തയില്‍ നിറഞ്ഞു നിന്നത് ഒരു റാങ്കുകാരിയായിരുന്നില്ല,ജീവിതത്തോട് തന്നെ പൊരുതി ജയിച്ച ഒരു ധീരയായ “പെണ്ണിനെ” ക്കുറിച്ചായിരുന്നു.
അവനിന്നും ആ വാര്‍ത്ത അവന്റെ ഡയറിയില്‍ സൂക്ഷിയ്ക്കുന്നു.