Wednesday, May 21, 2008

മറവി

“ഡാ......”

ഇങ്ങനെയൊരു വിളികേട്ടാണ് അവന്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയത്..അപ്പോള്‍ തന്നെ അവന്‍ ഒന്നു പതറിപ്പോയി.

“നിനക്ക് പ്രേമിയ്ക്കാനും ശൃംഗരിയ്ക്കാനും എന്റെ പെങ്ങളെ മാത്രെ കിട്ടിയുള്ളോ..?”എന്നും പറഞ്ഞ് ആ പാഞ്ഞു വന്ന മനുഷ്യന്‍ അവനെയൊരു തള്ള്.അവന്‍ തെറിച്ചുപോയി അടുത്തുള്ള ഒരു തെങ്ങില്‍ ചെന്നു തട്ടിവീണു.ഒരു നിമിഷത്തേയ്ക്ക് അവന് ഒന്നും മനസിലായില്ല.

ആ മനുഷ്യന്‍ അവന്റെ അടുത്തോട്ട് വന്ന് അവന്റെ കോളറില്‍ പിടിച്ച് പൊക്കി, എന്നിട്ട് അവന്റെ മുഖത്തിനു നേരെ നിര്‍ത്തിയിട്ട് പറഞ്ഞു, “നീ അവളെ മറക്കണം”

അതു കേട്ടമാത്രയില്‍ അവന്റെ നെഞ്ചിനുള്ളില്‍ ഒരു പിടപ്പായിരുന്നു.അവന്റെ കണ്ണുകള്‍ അടഞ്ഞു, അവന്റെ കണ്ണുകള്‍ക്കു പിറകില്‍ ഒളിപ്പിച്ചിരുന്ന ഭൂതകാലത്തെ അവന്‍ ഒന്നു പൊടിതട്ടിയെടുത്തു.അവന്റെ മുന്നില്‍ ചിത്രങ്ങളായി തെളിഞ്ഞു വന്നു തുടങ്ങി ഓരോ നിമിഷങ്ങളും.അവന്റെ ബാല്യം മുതല്‍ ഇന്നത്തെ പ്രായം വരെയുള്ള ഓര്‍മ്മകളുടെ ചിത്രങ്ങളില്‍ ഭൂരിഭാഗവും കവര്‍ന്നത് അവള്‍ തന്നെയായിരുന്നു.

എങ്ങുമെങ്ങുമെത്തില്ലായിരുന്ന താന്‍ ഇന്നൊരു കോളെജ് ലക്ചറര്‍ ആയെങ്കില്‍ അതിനുപിന്നിലുള്ള ശക്തികളില്‍ പ്രധാനം അവള്‍ തന്നെയാണ്.തന്നെ ഓര്‍ക്കാന്‍ പ്രേരിപ്പിച്ചവള്‍, അവളെയാണ് ഒരു ദാക്ഷിണ്യവുമില്ലാതെ മറക്കാന്‍ പറഞ്ഞത്.

അവളെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ അവന്റെ മനസ്സില്‍ പൂമഴ പെയ്യാന്‍ തുടങ്ങും.അവന്റെ ഇഷ്ടങ്ങളുടെ സുക്ഷിപ്പുകാരി.ബാല്യം മുതല്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരി പക്ഷെ പ്രായം കൌമാരം കടന്നപ്പോള്‍ ജീവിതത്തിലും അവളുടെ കൂട്ട് ആവശ്യമെന്ന് അവന്‍ വാശി പിടിച്ചു,അവള്‍ അതിന് എതിരു പറഞ്ഞില്ല.അവള്‍ അവനെ സ്വപ്നം കാണാന്‍ ശീലിച്ചു.അവള്‍ അവന് താങ്ങും,അവന്‍ അവള്‍ക്ക് തണലുമായി മാറി.

അവരുടെ ബന്ധം വീട്ടില്‍ അറിഞ്ഞു, എതിര്‍പ്പ് സ്വാഭാവികമായിരുന്നു.പക്ഷെ ഇത്രയും പൊള്ളിയ്ക്കുന്ന രീതിയില്‍ പോകുമെന്ന് അവന്‍ തീരെ പ്രതീക്ഷിച്ചില്ല.എതിര്‍പ്പ് കൈയ്യാങ്കളി വരെ എത്തി.അവസാനം അവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു.....ഇത്രയും നടന്നത്.

വീണ്ടും അതേ വിളി, “ഡാ......”

ഇത്തവണ അവന്‍ പതറിയില്ല. ധീരമായി തന്നെ നേരിടാന്‍ തയ്യാറെടുത്തു.തന്റെ സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരിയെയാണ് മറക്കാന്‍ പറയുന്നത്, തന്നെ ഓര്‍ക്കാന്‍ ശീലിച്ചവളെ..

അവന്‍ തയ്യാറെടുത്തു കൈയ്യാങ്കളിയെങ്കില്‍ അങ്ങനെ.

വീണ്ടും ആ വിളി, “ഡാ...” പക്ഷെ ഇത്തവണ പുറമിടിച്ചു വീണു. അവന്‍ തള്ളിയതായിരിയ്ക്കും. അവന്‍ ശരീരത്തില്‍ പുരണ്ട ചെളി തട്ടി മാറ്റി, പതുക്കെ കണ്ണു തുറന്നു. മുന്‍പില്‍ അമ്മ ഒരു ഗ്ലാസ് ചായയുമായി നില്‍ക്കുന്നു.

...അപ്പോ ! ഇത്ര നേരം കണ്ടത്.

വീണതു കട്ടിലിനു മുകളീല്‍ നിന്നായിരുന്നോ...? അതോ...!

Friday, May 16, 2008

വെറുതെ ഒരു കുറിപ്പ്

ഞങ്ങള്‍ താമസ്സിയ്ക്കുന്നത് ഒരു റെസിഡെന്‍ഷ്യല്‍ കോളനിയിലാണെങ്കിലും,ഭൂമിയുടെ കിടപ്പിന്റെ പ്രത്യേകത കൊണ്ടായിരിയ്ക്കാം പ്രകൃതിയെ വേണ്ടുവൊളം അടുത്തറിയാന്‍ ഞങ്ങള്‍ താമസക്കാര്‍ക്ക് സാധിച്ചിരുന്നു. പൂക്കളും മരങ്ങളും കുളങ്ങളും എല്ലാം അവിടെ ചുറ്റിപ്പറ്റി കിടന്നിരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് ഓര്‍മ്മകള്‍ അവിടെയുള്ളവര്‍ക്ക് പ്രകൃതിയുമായും,പ്രകൃതിയ്ക്ക് അവരുമായും പങ്കുവെയ്ക്കാന്‍ ഉണ്ടായിരുന്നു.

കുറച്ചുകാലത്തെ പുറം താമസ്സം കഴിഞ്ഞ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയ കാലം ,എന്റെ വീടും പരിസ്സരവും എനിയ്ക്ക് അന്യമായ പോലൊരു തോന്നല്‍.എന്തോ ഒരു മാറ്റം ആ പരിസരത്തുണ്ടായിട്ടുണ്ട് എന്നൊരു തോന്നല്‍.പക്ഷെ എത്രയാലോചിച്ചിട്ടും അതെന്താണെന്ന് മനസ്സിലായില്ല.ഞാന്‍ പിന്നെ അതങ്ങു വിട്ടു.പിന്നീട് ഭക്ഷണത്തിന് ഇരിയ്ക്കുമ്പോഴാണ് വീടിനപ്പുറത്തെ ഗുല്‍മോഹര്‍ വെട്ടിക്കളഞ്ഞ കാര്യം അമ്മ പറഞ്ഞറിയുന്നത്.പെട്ടെന്ന് ഒരുപാട് കാലം പുറകോട്ട് പോയ ഒരു തോന്നലായിരുന്നു.

പരിഭവങ്ങളും പരാതികളും ജീവിതത്തിലുണ്ടായ കൊച്ചു കൊച്ചു സന്തോഷങ്ങളും പങ്കു വെച്ചിരുന്ന പ്രിയകൂട്ടുകാരിയെകുറിച്ച് ഒന്നോര്‍ത്തു പോയി.അവളെ ആദ്യമായി പരിചയപ്പെട്ടതും സംസാരിച്ചതും ആ ഗുല്‍മോഹറിനു കീഴില്‍ വെച്ചായിരുന്നു. പിന്നീട് അവളെ കാണുമ്പോള്‍ കരഞ്ഞു കലങ്ങിയകണ്ണുകളും,കണ്ണീരു പടര്‍ത്തിയ കണ്‍ മഷിയുമായി നില്‍ക്കുന്നതായിരുന്നു.എന്തു പറ്റിയെന്ന ചോദ്യത്തിന് ആദ്യം കിട്ടിയ മറുപടി ഒരു പുഞ്ചിരിയായിരുന്നു.ആ പുഞ്ചിരിയില്‍ വിടര്‍ന്ന നുണക്കുഴികളില്‍ അവള്‍ അവളുടെ സങ്കടങ്ങള്‍ മുഴുവന്‍ ഒളിച്ചു വെയ്ക്കുന്നതായി തോന്നി.അതിന് ഞങ്ങള്‍ നിന്നിരുന്ന ഗുല്‍മോഹര്‍ തണലില്‍ വന്നു വീഴുന്ന പൂക്കളെക്കാള്‍ ഭംഗിയുണ്ടായിരുന്നു.അങ്ങനെ എത്രയോ കൂടിക്കാഴ്ചകള്‍,സായാഹ്നങ്ങള്‍.ചുണ്ടോട് ചുണ്ട് കൈമാറിയ രഹസ്യങ്ങള്‍, കണ്ണോട് കണ്ണുകള്‍ പറഞ്ഞ കഥകള്‍. അവസാനമായി അവളെ കാണുന്നത് ഒരു യാത്ര പറച്ചിലിനായിരുന്നു,വേദി പതിവു പോലെ ആ ഗുല്‍മോഹര്‍ തണലു തന്നെ...അവള്‍ അവിടെ നിന്നും താമസം മാറുകയാണെന്നു പറയാന്‍. അച്ചന്റെ മരണ ശേഷം അവളെ സംരക്ഷിയ്ക്കുന്നത് അമ്മാവന്‍മാരാണെന്നും, അവരുടെ നിര്‍ബന്ധപ്രകാരം താമസ്സം നാട്ടിലോട്ട് മാറ്റുകയാണെന്നും പറയാന്‍.

പിന്നീട് വര്‍ഷങ്ങള്‍ പലതു കടന്നു പോയി.ഞാന്‍ എന്റേതായ തിര്‍ക്കുകളില്‍ അലിഞ്ഞു ചേര്‍ന്നു.ചിന്തിയ്ക്കാന്‍ സമയം കിട്ടാതായി. ഒരു യന്ത്രമായി മാറിത്തുടങ്ങിയെന്നു വേണമെങ്കില്‍ പറയാം.പിന്നീട് എവിടെയോ വെച്ച്,ഏതോ ഒരു നഗരത്തിന്റെ തിര്‍ക്കില്‍ വെച്ച് അവളെ വീണ്ടും കണ്ടു.അതും പാതി മുറിഞ്ഞ കൊമ്പുകളുമായി നില്‍ക്കുന്ന ഗുല്‍മോഹറിന്റെ തണലില്‍ വെച്ച്. അന്നും അവളുടെ കണ്ണിലെ കണ്‍ മഷി പടര്‍ന്നിരുന്നു, അതു പക്ഷെ കണ്ണിരു പടര്‍ത്തിയതായിരുന്നില്ല, അവളുടെ നെറ്റിയില്‍ നിന്നും ഊര്‍ന്നിറങ്ങിയ വിയര്‍പ്പായിരുന്നു കാരണം.വിവരങ്ങള്‍ ചോദിയ്ക്കുന്നതിനു മുന്‍പേ അവള്‍ ജോലിചെയ്യുന്ന ഏതോ ഐടി കമ്പനിയുടെ വണ്ടി വന്നു. വിളിയ്ക്കാന്‍ പറഞ്ഞ് ഫോണ്‍ നമ്പറും തന്നിരുന്നു. പിന്നെ എന്തോ വിളിച്ചില്ല...

ഇന്ന് ഞാനറിയുന്നു ആ ഗുല്‍മോഹര്‍ ഉണ്ടാക്കിയ നഷ്ടം, അതു പക്ഷെ എന്നോ പൂക്കാനിരിയ്ക്കുന്ന ഗുല്‍മോഹര്‍ പൂക്കളുടെ ചുവപ്പിനെക്കാള്‍ തീവ്രമാണ്.

Monday, May 5, 2008

ചില നേരങ്ങളില്‍ പറയാന്‍ മറന്നത്

വീടിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് അവന്‍ ധൃതിയില്‍ ഒരു റൈഡിനു പോയി.സാധാരണ വീട്ടില്‍ വല്ല വഴക്കോ ബഹളമോ എന്തെങ്കിലുമൊക്കെ ഉണ്ടാകുമ്പോഴായിരിയ്ക്കും അവന്‍ ഇതു പോലൊക്കെ ചെയ്യുന്നത്. അന്നും അതു പോലെ എന്തെങ്കിലുമൊക്കെ ഉണ്ടായിക്കാണും.
അധികം വേഗത്തിലല്ലാതെയാണ് അവന്റെ യാത്ര. ഓരോന്നോരോന്നാലോചിച്ച് ,അങ്ങനെ.....
പട്ടണത്തിലൂടെയൊരു കറക്കം.പിന്നെ ഏതെങ്കിലും റെസ്റ്റോറന്റില്‍ കയറി ഒരു കാപ്പി പിന്നെ കുറച്ചു നേരം വായനശാലയില്‍, പിന്നെ തിരിച്ച് വീട്ടിലേയ്ക്ക്.അപ്പോഴേയ്ക്കും അവളുടെ ചൂടൊക്കെ ഒന്നാറിയിട്ടുണ്ടാവും. പിന്നെ പ്രണയം. ഭാര്യയും ഭര്‍ത്താവും മാറി കാമുകിയും കാമുകനുമായി,പിന്നെ അര്‍ദ്ധനാരീശ്വരനും.അപ്പോഴും ഇതൊന്നുമറിയാതെ മകനും മകളും അവിടെയുണ്ടാകും.
ഇന്നും അതുപോലെന്തെങ്കിലുമായിരിയ്ക്കും.പക്ഷെ ഇന്നവന്‍ പതിവിലും കൂടുതലായി ചിന്തിയ്ക്കുന്നു,ഒരുപാടാലോചിയ്ക്കുന്നു.കൂടെ വേഗതയും കൂട്ടുകയും,കുറയ്ക്കുകയും ചെയ്യുന്നു.പെട്ടെന്ന് ഒരു ഡിവൈഡറില്‍ തട്ടി തട്ടിയില്ല എന്ന രീതിയില്‍ വണ്ടിയൊന്നു വെട്ടിച്ചെടുത്തു. ഒരു വലിയ അപകടം തെന്നി മാറിപ്പോയി എന്നു വേണമെങ്കില്‍ പറയാം.ഒരുപാട് ചിന്തിച്ചിട്ടായിരിയ്ക്കും, ചിന്തിയ്ക്കരുത് ഒന്നിനെക്കുറിച്ചും ചിന്തിയ്ക്കരുത്.അത് അപകടമാണ്.
അവനീ ട്രാഫിക്ക് നിയമങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ് “ഡിവൈഡറുകള്‍”.അവന്റെ ഭാഷയില്‍ പറഞ്ഞാല്‍.
“ഒരൊറ്റ വരകൊണ്ട് ലോകം നന്നാക്കാന്‍ എത്രപേര്‍ നടന്നു,എന്നിട്ടു നന്നായോ.പക്ഷെ ഈ ഡിവൈഡറുകള്‍ മനുഷ്യന്റെ പരിചയങ്ങളിലെ നിയന്ത്രണ രേഖകളാകുന്നു. വ്യക്തികള്‍ തമ്മിലുള്ള പരിചയം ഒരൊറ്റ നോട്ടത്തിലൊതുക്കുന്നു. വാഹനങ്ങള്‍ തമ്മിലുള്ള പരിചയം ഒരു നിമിഷത്തെ കടന്നു പോക്കില്‍ തീരുന്നു.വേഗതയാര്‍ന്ന ജീവിതത്തില്‍ അപകടങ്ങളെ കുറയ്ക്കുന്നു.
ഒരു പക്ഷെ, ഞാനെന്റെ ഭാര്യയെ കണ്ടത് ഒരു തിരിഞ്ഞൂ നോട്ടത്തിലൂടെയായിരുന്നോ? അറിയില്ല പക്ഷെ ഡിവൈഡറുകള്‍ ഞങ്ങള്‍ക്കിടയില്‍ നിയന്ത്രണ രേഖകളാകുന്നു.പലപ്പോഴും അപകടങ്ങളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുത്തുന്നു.
പ്രണയം തളിര്‍ക്കുന്നു,പൂക്കുന്നു ,, കൊഴിഞ്ഞു വീഴുന്നു.....വീണ്ടും തളീര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു..കൊഴിഞ്ഞു വീഴുന്നു......വീണ്ടും...........വീണ്ടും........!
ചിന്തകള്‍ കാടു കയറിക്കൊണ്ടിരിയ്ക്കുന്നു.....ചിന്തിയ്ക്കരുത്...ചിന്തിയ്ക്കുന്നത് അപകടമാണ്.....അവിടെ ഡിവൈഡറുകള്‍ വയ്ക്കണം.
പെട്ടെന്നവന്‍ ഉണര്‍ന്നു..പതിവു ചായ ...വായന എല്ലാം മുടങ്ങി.പക്ഷെ അര്‍ദ്ധനാരീശ്വരന്‍ അവിടെ കാത്തിരിയ്ക്കുന്നു.അവന്‍ ബൈക്കിന്റെ വേഗത കൂട്ടി. ഡിവൈഡറുകള്‍ ശ്രദ്ധിച്ചു കൊണ്ടു തന്നെ.