Tuesday, December 16, 2008
നിശബ്ദം....!
Wednesday, August 6, 2008
ഒരു മരണം കുറിയ്ക്കുന്നു
...അവന്റെ കണ്ണുകള്‍ താനെ അടഞ്ഞു, കഴിഞ്ഞ കാലങ്ങളിലൂടെയുള്ളൊരു യാത്രയ്ക്കു വേണ്ടി. കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അവ ദാനം ചെയ്തു. അവനവിടെ വന്നത് അവന്റെ അച്ചന്റെ മരണാനന്തര ക്രിയകള്‍ക്കായാണ്. ചില മരണങ്ങള്‍ ചിലരെ മഹാന്മാരാക്കാറുണ്ട്. പിതൃക്കള്‍ക്ക് മോക്ഷം നേടിക്കൊടുക്കെണ്ടത് മക്കളുടെ കര്‍മ്മമാണ്.അത് ഏതൊരു അര്‍ത്ഥത്തിലാണെങ്കിലും മോക്ഷപ്രാപ്തിയാണ് അന്തിമ ഫലം.
കൌണ്ടറില്‍ കര്‍മ്മം ചെയ്യനുള്ള സാമഗ്രികള്‍ വാങ്ങിച്ച് അവന്‍ നടന്നു, പുണ്യം തേടിയുള്ള യാത്ര.മുന്‍പില്‍ നീണ്ടു നിവര്‍ന്നു, വിശാലമായി കിടക്കുന്ന കടല്‍. ഒരു തിര..പിന്നെയും തിര എന്ന കണക്കില്‍ തിരമാലകള്‍ വിളിച്ചു കൊണ്ടേയിരിയ്ക്കുന്നു. അവന്റെ മനസ്സ് പക്ഷെ ആ തിരമാലകളില്‍ ആടിയുലയുന്ന പത്തേമാരി പോലായിരുന്നു. ജീവിതത്തില്‍ കടന്നു വന്ന ഓരോ നിമിഷങ്ങളെക്കിറിച്ചും അവ അവനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. വാര്‍ദ്ധക്യം കടം കൊണ്ട യൌവനത്തില്‍ അവന്റെ ഓര്‍മ്മകള്‍ക്ക് മഴവില്ലെന്റെ നിറങ്ങളെക്കാള്‍ , കറുപ്പിലും വെളുപ്പിലും ഉള്ളവയ്ക്കായിരുന്നു പ്രാധാന്യം.
അവന്റെ കുഞ്ഞി കൈവിരലുകള്‍ പിടിച്ച് നടത്തിയ അവന്റെ അച്ചന്റെ മുഖം ഇപ്പൊഴും അവന്റെ മനസ്സില്‍ ചില്ലിട്ടു തൂക്കിയിട്ടിട്ടുണ്ട്.പലപ്പോഴും അവന്റെ വഴിയില്‍ ഒരു മാതൃകയായി അദ്ദേഹം ഒരു താങ്ങായും തണലായും നിന്നു.അവന്റെ കൈകളില്‍ നേര്‍ രേഖകള്‍ തെളിഞ്ഞു തുടങ്ങിയ നേരത്ത്, അവന്റെ കൈ പിടിച്ചുയര്‍ത്താനും അദ്ദേഹം മറന്നില്ല.
പിന്നീടെപ്പഴോ അവന്റെ കണ്ണുകളുടെ ദൃഷ്ടികോണില്‍ നിന്നും അവന്റെ അച്ചന്റെ കാഴ്ചകള്‍ അവന് നഷ്ടമായി തുടങ്ങി. അവന്റെ ജീവിതം അവനു തന്നെ പിടിച്ചാല്‍ കിട്ടാത്ത നിലയിലേയ്ക്ക് വളര്‍ന്നു തുടങ്ങിയപ്പോള്‍, അവനു തന്നെ മനസ്സിലായി തുടങ്ങി അവന് തിമിരം ബാധിച്ചെന്ന്. ഓരോരുത്തരുടെയും ജീവിതം ആരോ വിദഗ്ദമായി എഴുതി വെച്ച തിരക്കഥയുടെ ബാക്കി പത്രമാണെന്ന് അവന്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു.പിന്നീടുള്ള അവന്റെ ജീവിതം നിയന്ത്രിച്ചത് യന്ത്രങ്ങളായിരുന്നു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും അവന്റെ വഴികാട്ടികളും സഹയാത്രികരുമായി.
അതിനൊക്കെയൊരു മാറ്റമുണ്ടായത്, അതിനൊരു കാരണമേ അവനു പറയാനുണ്ടായിരുന്നുള്ളൂ. “അവള്‍”. ആ എണ്ണ മെഴുക്കുകാരി.നെറ്റിയില്‍ വലിയ പൊട്ടിട്ട, ചെമ്പകത്തിന്റെ സുഗന്ധം പേറി നടക്കുന്നവള്‍. തിരക്കേറിയ ബിസിനസ്സ് യാത്രകളില്‍ കണ്ടു മുട്ടിയതാണവളെ.അവള്‍ അവന് ജീവിതത്തിന്റെ പുതിയമാനങ്ങള്‍ പകര്‍ന്നു കൊടുത്തു. സമയത്തിന്റെ കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടു പറന്നിരുന്ന അവന്റെ ജീവിതത്തിലെയ്ക്ക് പുതിയ ഒരു വെളിച്ചം കൊണ്ടു വരാന്‍ അവള്‍ക്കു കഴിഞ്ഞൂ.
അച്ഛന്റെ മരണം അവന്‍ അറിയുന്നത് ഏതോ ഒരു യാത്രയ്ക്കിടയില്‍. കേട്ടപ്പോള്‍ ഒരു തരം നിര്‍വികാരതയായിരുന്നു.പോയില്ല. ഒന്നു ചെന്നു കണ്ടില്ല. തന്റെ മരണശേഷം തനിയ്ക്കു കൊള്ളിവെയ്ക്കേണ്ടവന്‍ വന്നില്ലെന്നറിയുമ്പോള്‍ എന്തായിരിയ്ക്കും ആ അച്ഛന് തോന്നിയിരിയ്ക്കുക. അന്ന് അവന്‍ അതൊന്നും ആലോചിച്ചില്ല.
ഇവിടെ ഇപ്പോള്‍ ചരിത്രം ആവര്‍ത്തിയ്ക്കപ്പെടുന്നു. തന്റെ സ്ഥാനത്ത് തന്നേക്കാള്‍ വളര്‍ന്ന മകന്‍. അച്ഛന്റെ സ്ഥാനത്ത് അവനും.
അവന്‍ പതുക്കെ അവന്റെ കണ്ണുകള്‍ തുറന്നു. മുന്‍പില്‍ തിരമാലകള്‍ നിലയ്ക്കുന്നില്ല. അവന്റെ മനസ്സിലും.
കാര്‍മ്മികന്‍ മന്ത്രങ്ങള്‍ ചൊല്ലിക്കോണ്ടേയിരുന്നു. അവന്‍ അത് ഏറ്റു പറഞ്ഞു.
.............. “പിതൃ പിണ്ഡേ“...! അവന്‍ അവിടെ നിര്‍ത്തി.
അവന്റെ കണ്ണുകളില്‍ ആ കുഞ്ഞീ കൈവിരലുകളും, അതു തേടുന്ന ആ കൈ താങ്ങുമായിരുന്നു.
ഇനിയും ചരിത്രം ആവര്‍ത്തിയ്ക്കും, അവന്‍ മനസ്സില്‍ പറഞ്ഞു...
Wednesday, July 16, 2008
സ്നേഹം
അവന്‍ അവളെ സ്നേഹിയ്ക്കുന്നു.
അവള്‍ അവനെ അതിലേറെ സ്നേഹിയ്ക്കുന്നു.
അവര്‍ പരസ്പരം ഒരുപാട് സ്നേഹിയ്ക്കുന്നു.
അവര്‍ അവനെ സ്നേഹിയ്ക്കുന്നു,അവര്‍ അവളെ സ്നേഹിയ്ക്കുന്നു,ഒരുപാടൊരുപാട്.
അവര്‍ അവരുടെ സ്നേഹത്തെ വെറുക്കുന്നു, സ്നേഹം സ്നേഹത്തെ വെറുക്കുന്നു.
സ്നേഹം സ്നേഹത്താല്‍ തോല്‍പ്പിയ്ക്കപ്പെടുന്നു.
Thursday, June 19, 2008
മഴ
അവന്റെ ശബ്ദം പരുഷമായിരുന്നു.വേണമെന്ന് വിചാരിച്ചതല്ല,പക്ഷെ താനെ വന്നുപോയതാണ്.പുറത്തു ശക്തമായി മഴപെയ്യുന്നുണ്ടായിരുന്നു.ചെറിയ മഴത്തുള്ളികള്‍ ജനലിലൂടെ അവന്റെ മുഖത്തു പതിയ്ക്കുന്നുണ്ടായിരുന്നു. അതിനാണ് അവള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. മഴയെ ആസ്വദിയ്ക്കുമ്പോള്‍ അവന്‍ അവനെ തന്നെയാണ് അറിയുന്നത്.അവന്റെ ഓര്‍മ്മകളിലെ ബാല്യത്തെ,കൌമാരത്തെ..അങ്ങനെ..!
അവന്റെ ബാല്യത്തിലെ മഴയ്ക്കു, അവന്‍ പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ താങ്ങായി നിന്നിരുന്ന ഒരു വലം കൈയ്യുടെയും,പരുക്കന്‍ കാലുകള്‍ക്ക് അകമ്പടിയായിരുന്ന ഒരു കാലന്‍ കുടയുടെയും നൈര്‍മ്മല്യം ഉണ്ട്.അതെന്തുകൊണ്ടാണെന്ന് അവനറിയില്ല. പക്ഷെ അവനെ ഒരുപാടു സ്നേഹിച്ചിരുന്ന ഒരു വയസ്സന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ അവന്റെ ബാല്യം വിനീത വിധേയനായി ചേര്‍ന്നു നില്‍ക്കുന്നു.ആദ്യമായി അവന്റെ കുഞ്ഞൂ വിരലുകളില്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു കൊടുത്ത്, ജീവിതത്തെ ജീവിതമായി നേരിടാന്‍ ശീലിച്ച, അവന്റെ അച്ച്ചനും,അമ്മയും എല്ലാമായ അവന്റെ മുത്തച്ച്ചന് മുന്നില്‍ അവനെപ്പോഴും അനുസ്സരണയുള്ള കൊച്ചു മകനായിരുന്നു.‘കുഞ്ഞാപ്പൂ’ എന്നു നീട്ടിയുള്ള വിളി കേട്ടാല്‍ അവന്‍ ആ വിളീയ്ക്കു മുന്‍പേ എത്തിയെന്നുള്ളതാണ്. പിന്നീട് ഏതോ ഒരു ഇരുണ്ട ഇടനാഴിയില്‍ വെച്ച് ആ വലം കൈയ്യുടെ ചൂട് അവന് നഷ്ടമായപ്പോള്‍, ഒന്ന് ഉറക്കെ കരയാന്‍ പോലും അവന്‍ ആദ്യമായി ഭയപ്പെട്ട നാളുകള്‍.
പിന്നെ എത്രയോ മഴകള്‍, മഴക്കാലങ്ങള്‍.
കൌമാരത്തിലെ മഴയ്ക്ക് സ്നേഹത്തിന്റെ ചൂട് അനുഭവപ്പെട്ടു തുടങ്ങി.കോളെജ് ദിനങ്ങള്‍ ആസ്വദിച്ച് കൊണ്ട് നടന്നിരുന്ന കാലത്ത്, അവളെ പരിചയപ്പെടുമ്പോള്‍ ഒരു “നല്ല” മഴയുടെ അകമ്പടിയുണ്ടായിരുന്നു.മഴത്തുള്ളികളെ അവന്‍ എണ്ണി എണ്ണിയെണ്ണി പിടിയ്ക്കാന്‍ ശ്രമിച്ചിരുന്നു.സ്നേഹത്തിന്റെ ചൂടുള്ള മഴക്കാലം. അവളുടെ കുഞ്ഞരിപ്പല്ലുകള്‍ കാണിച്ചുള്ള ചിരിയോളം ഭംഗി അന്നത്തെ മഴയ്ക്കു തോന്നിയിരുന്നില്ല.അവളുടെ ചുംബനത്തില്‍ മഴത്തുള്ളികള്‍ക്ക് നിറങ്ങള്‍ പകര്‍ന്നതായി തോന്നി.പച്ച,മഞ്ഞ,ചുവപ്പ് അങ്ങനെ പലനിറങ്ങളിലുള്ള തുള്ളികള്‍.
ഈ അകമ്പടി അവരുടെ വിവാഹത്തിനും ഉണ്ടായിരുന്നു.
“സ്നേഹം, മഴ, പിന്നെ കുട്ടികള്‍.”
പിന്നെ എന്നു മുതലാണ് അവന് ദേഷ്യം വന്നു തുടങ്ങിയത്.കൃത്യമായി അവന് പറയാനാവുന്നില്ല.അവരുടെ ആദ്യത്തെ കലഹത്തിനും മഴ തന്നെ സാക്ഷി.പിന്നെ എത്രയെത്ര കലഹങ്ങള്‍ , പിണക്കങ്ങള്‍..അതിനിടയില്‍ കുട്ടികള്‍.അകലാനാവാത്തവിധം അവര്‍ അടുത്തായിരുന്നെങ്കിലും, അവര്‍ അകന്നു തന്നെ നിന്നു. അവരുടെയിടയില്‍ .പരുത്തികൊണ്ടു നെയ്തെടുത്ത ഒരു നേര്‍ രേഖയുണ്ടായിരുന്നു. അത് അവരെ അകറ്റി തന്നെ നിര്‍ത്തി.
അവന്‍ ആലോചിയ്ക്കുകയായിരുന്നു. അവന്‍ ജീവിതത്തെ അത്രമാത്രം വെറുത്തു തുടങ്ങിയോ. അവന് ഉത്തരം കിട്ടിയില്ല. “വെറുപ്പ്”, അങ്ങിനെയൊന്നുണ്ടോ ? അതും അറിയില്ല. അവനിപ്പോള്‍ അറിയുന്നത് അവന്റെ മുഖത്തു പറ്റിപ്പിടിച്ചിരിയ്ക്കുന്ന മഴത്തുള്ളികള്‍ മാത്രമാണ്. ആ മഴത്തുള്ളികള്‍ തരുന്ന നിര്‍വികാരതയും.
Wednesday, June 11, 2008
കൈയ്യൊപ്പുകള്‍
അങ്ങനെ ഏതോ ഒരു യാത്രയില്‍ കണ്ടുമുട്ടിയ ഒരമ്മയെയും മകളെയും കുറിച്ച് അവന്‍ എന്നോടു പറഞ്ഞത് ഒരു കുറിപ്പാക്കുന്നു.അവന്‍ പറയാറുള്ളത് അവന്റെ യാത്രകളില്‍, അവന് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഭാഗങ്ങളില്‍ ഒന്ന് അവന്‍ കണ്ടുമുട്ടുന്ന മുഖങ്ങളാണ്.ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ മുഖങ്ങള്‍.അവയൊരിയ്ക്കലും അത്രപെട്ടെന്ന് മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ലെന്ന് അവന്‍ പറയുന്നു, ഒരു പക്ഷെ അവയുടെ ശില്‍പ്പി ഈശ്വരനായ്തു കൊണ്ടാകാം.അങ്ങനെ പതിഞ്ഞ മുഖങ്ങളാണ് ആ അമ്മയുടെയും കുഞ്ഞിന്റെയും.
ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് അവന്‍ അവരെ കാണുന്നത്.പെണ്‍കുട്ടിയ്ക്ക് ഒരു പതിനാറ് പതിനേഴ് വയസ്സു വരും, അമ്മ ഒരു മധ്യവയസ്ക.പെണ്‍കുട്ടി ഒരു തോള്‍ സഞ്ചി തൂക്കിയിരുന്നു,അമ്മ ഒരു വാതിലിനരുകില്‍ ഇരിയ്ക്കുന്നു.ഈ കുട്ടിയുടെ കൈനിറയെ പുസ്തകങ്ങള്‍ വില്‍ക്കാനായി കാത്തു കിടന്നിരുന്നു.കുട്ടി നല്ല ഉഷാറായി വില്‍പ്പനയില്‍ മുഴുകി നില്‍ക്കുന്നു.ട്രയിന്‍ ഏതാണ്ട് ലക്ഷ്യം എത്താറായി തുടങ്ങി,കുട്ടി കച്ചവടം കഴിഞ്ഞ് അമ്മയുടെ അടുത്തു ചെന്നിരുന്നു.ഒരു പാടു പുസ്തകങ്ങള്‍ കൈയ്യില്‍ ബാക്കിയുണ്ടായിരുന്നു.അമ്മയ്ക്ക് ഒരു ചായ വാങ്ങിച്ച് കൊടുത്ത് കുട്ടി തന്റെ തോള്‍ സഞ്ചിയില്‍ നിന്നും ഒരു പുസ്തകം എടുത്ത് വായനയില്‍ മുഴുകി.നമ്മുടെ സുഹൃത്ത് പുസ്തകത്തിന്റെ പേരു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി, പുസ്തകം അബ്ദുള്‍ കലാമിന്റെ “ വിങ്ങ്സ് ഓഫ് ഫയര്‍” ആയിരുന്നു,ഇംഗ്ലീഷ് പതിപ്പ്.ഇതു കേട്ടപ്പോള്‍ എനിയ്ക്ക് ഞെട്ടലിനേക്കാള്‍ മനസ്സില്‍ നിറഞ്ഞത് പുഞ്ചിരിയായിരുന്നു.എന്റെ സുഹൃത്ത് ആ കുട്ടിയോട് സംസാരിയ്ക്കാന്‍ തയ്യാറെടുക്കുമ്പോഴെയ്ക്കും ആ അമ്മയും മകളും അടുത്തു വന്ന സ്റ്റേഷനില്‍ ഇറങ്ങിപ്പോയിരുന്നു.
പിന്നീട് കുറച്ചുകാലം കഴിഞ്ഞു.സുഹൃത്ത് അവന്റേതായ തിരക്കുകളില്‍ മുഴുകി.പിന്നെയും നിറഞ്ഞൂ നിന്ന യാത്രകള്‍,പല പല സ്ഥലങ്ങള്‍.പിന്നീടൊരുനാള്‍ ഒരു പത്ര വാര്‍ത്തയില്‍ ആ കുഞ്ഞൂം അമ്മയും വന്നു.ഏതോ ഒരു കൂട്ടം മനുഷ്യസ്നേഹികള്‍ ആ കുട്ടിയെയും മാനസിക നിലതെറ്റിയ അമ്മയെയും ഏതൊ ഒരു റെസ്ക്യൂ ഹോമില്‍ ആക്കിയെന്നുള്ള വാര്‍ത്ത.
പിന്നീട് വാര്‍ത്തയില്‍ വന്നത് ആ കുട്ടിയായിരുന്നു. പ്രീ ഡിഗ്രിയ്ക്ക് റാങ്കോടു കൂടി വിജയിച്ച വാര്‍ത്ത. പക്ഷെ ആ വാര്‍ത്തയില്‍ നിറഞ്ഞു നിന്നത് ഒരു റാങ്കുകാരിയായിരുന്നില്ല,ജീവിതത്തോട് തന്നെ പൊരുതി ജയിച്ച ഒരു ധീരയായ “പെണ്ണിനെ” ക്കുറിച്ചായിരുന്നു.
അവനിന്നും ആ വാര്‍ത്ത അവന്റെ ഡയറിയില്‍ സൂക്ഷിയ്ക്കുന്നു.
Wednesday, May 21, 2008
മറവി
ഇങ്ങനെയൊരു വിളികേട്ടാണ് അവന്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയത്..അപ്പോള്‍ തന്നെ അവന്‍ ഒന്നു പതറിപ്പോയി.
“നിനക്ക് പ്രേമിയ്ക്കാനും ശൃംഗരിയ്ക്കാനും എന്റെ പെങ്ങളെ മാത്രെ കിട്ടിയുള്ളോ..?”എന്നും പറഞ്ഞ് ആ പാഞ്ഞു വന്ന മനുഷ്യന്‍ അവനെയൊരു തള്ള്.അവന്‍ തെറിച്ചുപോയി അടുത്തുള്ള ഒരു തെങ്ങില്‍ ചെന്നു തട്ടിവീണു.ഒരു നിമിഷത്തേയ്ക്ക് അവന് ഒന്നും മനസിലായില്ല.
ആ മനുഷ്യന്‍ അവന്റെ അടുത്തോട്ട് വന്ന് അവന്റെ കോളറില്‍ പിടിച്ച് പൊക്കി, എന്നിട്ട് അവന്റെ മുഖത്തിനു നേരെ നിര്‍ത്തിയിട്ട് പറഞ്ഞു, “നീ അവളെ മറക്കണം”
അതു കേട്ടമാത്രയില്‍ അവന്റെ നെഞ്ചിനുള്ളില്‍ ഒരു പിടപ്പായിരുന്നു.അവന്റെ കണ്ണുകള്‍ അടഞ്ഞു, അവന്റെ കണ്ണുകള്‍ക്കു പിറകില്‍ ഒളിപ്പിച്ചിരുന്ന ഭൂതകാലത്തെ അവന്‍ ഒന്നു പൊടിതട്ടിയെടുത്തു.അവന്റെ മുന്നില്‍ ചിത്രങ്ങളായി തെളിഞ്ഞു വന്നു തുടങ്ങി ഓരോ നിമിഷങ്ങളും.അവന്റെ ബാല്യം മുതല്‍ ഇന്നത്തെ പ്രായം വരെയുള്ള ഓര്‍മ്മകളുടെ ചിത്രങ്ങളില്‍ ഭൂരിഭാഗവും കവര്‍ന്നത് അവള്‍ തന്നെയായിരുന്നു.
എങ്ങുമെങ്ങുമെത്തില്ലായിരുന്ന താന്‍ ഇന്നൊരു കോളെജ് ലക്ചറര്‍ ആയെങ്കില്‍ അതിനുപിന്നിലുള്ള ശക്തികളില്‍ പ്രധാനം അവള്‍ തന്നെയാണ്.തന്നെ ഓര്‍ക്കാന്‍ പ്രേരിപ്പിച്ചവള്‍, അവളെയാണ് ഒരു ദാക്ഷിണ്യവുമില്ലാതെ മറക്കാന്‍ പറഞ്ഞത്.
അവളെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ അവന്റെ മനസ്സില്‍ പൂമഴ പെയ്യാന്‍ തുടങ്ങും.അവന്റെ ഇഷ്ടങ്ങളുടെ സുക്ഷിപ്പുകാരി.ബാല്യം മുതല്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരി പക്ഷെ പ്രായം കൌമാരം കടന്നപ്പോള്‍ ജീവിതത്തിലും അവളുടെ കൂട്ട് ആവശ്യമെന്ന് അവന്‍ വാശി പിടിച്ചു,അവള്‍ അതിന് എതിരു പറഞ്ഞില്ല.അവള്‍ അവനെ സ്വപ്നം കാണാന്‍ ശീലിച്ചു.അവള്‍ അവന് താങ്ങും,അവന്‍ അവള്‍ക്ക് തണലുമായി മാറി.
അവരുടെ ബന്ധം വീട്ടില്‍ അറിഞ്ഞു, എതിര്‍പ്പ് സ്വാഭാവികമായിരുന്നു.പക്ഷെ ഇത്രയും പൊള്ളിയ്ക്കുന്ന രീതിയില്‍ പോകുമെന്ന് അവന്‍ തീരെ പ്രതീക്ഷിച്ചില്ല.എതിര്‍പ്പ് കൈയ്യാങ്കളി വരെ എത്തി.അവസാനം അവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു.....ഇത്രയും നടന്നത്.
വീണ്ടും അതേ വിളി, “ഡാ......”
ഇത്തവണ അവന്‍ പതറിയില്ല. ധീരമായി തന്നെ നേരിടാന്‍ തയ്യാറെടുത്തു.തന്റെ സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരിയെയാണ് മറക്കാന്‍ പറയുന്നത്, തന്നെ ഓര്‍ക്കാന്‍ ശീലിച്ചവളെ..
അവന്‍ തയ്യാറെടുത്തു കൈയ്യാങ്കളിയെങ്കില്‍ അങ്ങനെ.
വീണ്ടും ആ വിളി, “ഡാ...” പക്ഷെ ഇത്തവണ പുറമിടിച്ചു വീണു. അവന്‍ തള്ളിയതായിരിയ്ക്കും. അവന്‍ ശരീരത്തില്‍ പുരണ്ട ചെളി തട്ടി മാറ്റി, പതുക്കെ കണ്ണു തുറന്നു. മുന്‍പില്‍ അമ്മ ഒരു ഗ്ലാസ് ചായയുമായി നില്‍ക്കുന്നു.
...അപ്പോ ! ഇത്ര നേരം കണ്ടത്.
വീണതു കട്ടിലിനു മുകളീല്‍ നിന്നായിരുന്നോ...? അതോ...!
Friday, May 16, 2008
വെറുതെ ഒരു കുറിപ്പ്
ഞങ്ങള്‍ താമസ്സിയ്ക്കുന്നത് ഒരു റെസിഡെന്‍ഷ്യല്‍ കോളനിയിലാണെങ്കിലും,ഭൂമിയുടെ കിടപ്പിന്റെ പ്രത്യേകത കൊണ്ടായിരിയ്ക്കാം പ്രകൃതിയെ വേണ്ടുവൊളം അടുത്തറിയാന്‍ ഞങ്ങള്‍ താമസക്കാര്‍ക്ക് സാധിച്ചിരുന്നു. പൂക്കളും മരങ്ങളും കുളങ്ങളും എല്ലാം അവിടെ ചുറ്റിപ്പറ്റി കിടന്നിരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് ഓര്‍മ്മകള്‍ അവിടെയുള്ളവര്‍ക്ക് പ്രകൃതിയുമായും,പ്രകൃതിയ്ക്ക് അവരുമായും പങ്കുവെയ്ക്കാന്‍ ഉണ്ടായിരുന്നു.
കുറച്ചുകാലത്തെ പുറം താമസ്സം കഴിഞ്ഞ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയ കാലം ,എന്റെ വീടും പരിസ്സരവും എനിയ്ക്ക് അന്യമായ പോലൊരു തോന്നല്‍.എന്തോ ഒരു മാറ്റം ആ പരിസരത്തുണ്ടായിട്ടുണ്ട് എന്നൊരു തോന്നല്‍.പക്ഷെ എത്രയാലോചിച്ചിട്ടും അതെന്താണെന്ന് മനസ്സിലായില്ല.ഞാന്‍ പിന്നെ അതങ്ങു വിട്ടു.പിന്നീട് ഭക്ഷണത്തിന് ഇരിയ്ക്കുമ്പോഴാണ് വീടിനപ്പുറത്തെ ഗുല്‍മോഹര്‍ വെട്ടിക്കളഞ്ഞ കാര്യം അമ്മ പറഞ്ഞറിയുന്നത്.പെട്ടെന്ന് ഒരുപാട് കാലം പുറകോട്ട് പോയ ഒരു തോന്നലായിരുന്നു.
പരിഭവങ്ങളും പരാതികളും ജീവിതത്തിലുണ്ടായ കൊച്ചു കൊച്ചു സന്തോഷങ്ങളും പങ്കു വെച്ചിരുന്ന പ്രിയകൂട്ടുകാരിയെകുറിച്ച് ഒന്നോര്‍ത്തു പോയി.അവളെ ആദ്യമായി പരിചയപ്പെട്ടതും സംസാരിച്ചതും ആ ഗുല്‍മോഹറിനു കീഴില്‍ വെച്ചായിരുന്നു. പിന്നീട് അവളെ കാണുമ്പോള്‍ കരഞ്ഞു കലങ്ങിയകണ്ണുകളും,കണ്ണീരു പടര്‍ത്തിയ കണ്‍ മഷിയുമായി നില്‍ക്കുന്നതായിരുന്നു.എന്തു പറ്റിയെന്ന ചോദ്യത്തിന് ആദ്യം കിട്ടിയ മറുപടി ഒരു പുഞ്ചിരിയായിരുന്നു.ആ പുഞ്ചിരിയില്‍ വിടര്‍ന്ന നുണക്കുഴികളില്‍ അവള്‍ അവളുടെ സങ്കടങ്ങള്‍ മുഴുവന്‍ ഒളിച്ചു വെയ്ക്കുന്നതായി തോന്നി.അതിന് ഞങ്ങള്‍ നിന്നിരുന്ന ഗുല്‍മോഹര്‍ തണലില്‍ വന്നു വീഴുന്ന പൂക്കളെക്കാള്‍ ഭംഗിയുണ്ടായിരുന്നു.അങ്ങനെ എത്രയോ കൂടിക്കാഴ്ചകള്‍,സായാഹ്നങ്ങള്‍.ചുണ്ടോട് ചുണ്ട് കൈമാറിയ രഹസ്യങ്ങള്‍, കണ്ണോട് കണ്ണുകള്‍ പറഞ്ഞ കഥകള്‍. അവസാനമായി അവളെ കാണുന്നത് ഒരു യാത്ര പറച്ചിലിനായിരുന്നു,വേദി പതിവു പോലെ ആ ഗുല്‍മോഹര്‍ തണലു തന്നെ...അവള്‍ അവിടെ നിന്നും താമസം മാറുകയാണെന്നു പറയാന്‍. അച്ചന്റെ മരണ ശേഷം അവളെ സംരക്ഷിയ്ക്കുന്നത് അമ്മാവന്‍മാരാണെന്നും, അവരുടെ നിര്‍ബന്ധപ്രകാരം താമസ്സം നാട്ടിലോട്ട് മാറ്റുകയാണെന്നും പറയാന്‍.
പിന്നീട് വര്‍ഷങ്ങള്‍ പലതു കടന്നു പോയി.ഞാന്‍ എന്റേതായ തിര്‍ക്കുകളില്‍ അലിഞ്ഞു ചേര്‍ന്നു.ചിന്തിയ്ക്കാന്‍ സമയം കിട്ടാതായി. ഒരു യന്ത്രമായി മാറിത്തുടങ്ങിയെന്നു വേണമെങ്കില്‍ പറയാം.പിന്നീട് എവിടെയോ വെച്ച്,ഏതോ ഒരു നഗരത്തിന്റെ തിര്‍ക്കില്‍ വെച്ച് അവളെ വീണ്ടും കണ്ടു.അതും പാതി മുറിഞ്ഞ കൊമ്പുകളുമായി നില്‍ക്കുന്ന ഗുല്‍മോഹറിന്റെ തണലില്‍ വെച്ച്. അന്നും അവളുടെ കണ്ണിലെ കണ്‍ മഷി പടര്‍ന്നിരുന്നു, അതു പക്ഷെ കണ്ണിരു പടര്‍ത്തിയതായിരുന്നില്ല, അവളുടെ നെറ്റിയില്‍ നിന്നും ഊര്‍ന്നിറങ്ങിയ വിയര്‍പ്പായിരുന്നു കാരണം.വിവരങ്ങള്‍ ചോദിയ്ക്കുന്നതിനു മുന്‍പേ അവള്‍ ജോലിചെയ്യുന്ന ഏതോ ഐടി കമ്പനിയുടെ വണ്ടി വന്നു. വിളിയ്ക്കാന്‍ പറഞ്ഞ് ഫോണ്‍ നമ്പറും തന്നിരുന്നു. പിന്നെ എന്തോ വിളിച്ചില്ല...
ഇന്ന് ഞാനറിയുന്നു ആ ഗുല്‍മോഹര്‍ ഉണ്ടാക്കിയ നഷ്ടം, അതു പക്ഷെ എന്നോ പൂക്കാനിരിയ്ക്കുന്ന ഗുല്‍മോഹര്‍ പൂക്കളുടെ ചുവപ്പിനെക്കാള്‍ തീവ്രമാണ്.
Monday, May 5, 2008
ചില നേരങ്ങളില്‍ പറയാന്‍ മറന്നത്
| വീടിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് അവന്‍ ധൃതിയില്‍ ഒരു റൈഡിനു പോയി.സാധാരണ വീട്ടില്‍ വല്ല വഴക്കോ ബഹളമോ എന്തെങ്കിലുമൊക്കെ ഉണ്ടാകുമ്പോഴായിരിയ്ക്കും അവന്‍ ഇതു പോലൊക്കെ ചെയ്യുന്നത്. അന്നും അതു പോലെ എന്തെങ്കിലുമൊക്കെ ഉണ്ടായിക്കാണും. അധികം വേഗത്തിലല്ലാതെയാണ് അവന്റെ യാത്ര. ഓരോന്നോരോന്നാലോചിച്ച് ,അങ്ങനെ..... പട്ടണത്തിലൂടെയൊരു കറക്കം.പിന്നെ ഏതെങ്കിലും റെസ്റ്റോറന്റില്‍ കയറി ഒരു കാപ്പി പിന്നെ കുറച്ചു നേരം വായനശാലയില്‍, പിന്നെ തിരിച്ച് വീട്ടിലേയ്ക്ക്.അപ്പോഴേയ്ക്കും അവളുടെ ചൂടൊക്കെ ഒന്നാറിയിട്ടുണ്ടാവും. പിന്നെ പ്രണയം. ഭാര്യയും ഭര്‍ത്താവും മാറി കാമുകിയും കാമുകനുമായി,പിന്നെ അര്‍ദ്ധനാരീശ്വരനും.അപ്പോഴും ഇതൊന്നുമറിയാതെ മകനും മകളും അവിടെയുണ്ടാകും. ഇന്നും അതുപോലെന്തെങ്കിലുമായിരിയ്ക്കും.പക്ഷെ ഇന്നവന്‍ പതിവിലും കൂടുതലായി ചിന്തിയ്ക്കുന്നു,ഒരുപാടാലോചിയ്ക്കുന്നു.കൂടെ വേഗതയും കൂട്ടുകയും,കുറയ്ക്കുകയും ചെയ്യുന്നു.പെട്ടെന്ന് ഒരു ഡിവൈഡറില്‍ തട്ടി തട്ടിയില്ല എന്ന രീതിയില്‍ വണ്ടിയൊന്നു വെട്ടിച്ചെടുത്തു. ഒരു വലിയ അപകടം തെന്നി മാറിപ്പോയി എന്നു വേണമെങ്കില്‍ പറയാം.ഒരുപാട് ചിന്തിച്ചിട്ടായിരിയ്ക്കും, ചിന്തിയ്ക്കരുത് ഒന്നിനെക്കുറിച്ചും ചിന്തിയ്ക്കരുത്.അത് അപകടമാണ്. അവനീ ട്രാഫിക്ക് നിയമങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ് “ഡിവൈഡറുകള്‍”.അവന്റെ ഭാഷയില്‍ പറഞ്ഞാല്‍. “ഒരൊറ്റ വരകൊണ്ട് ലോകം നന്നാക്കാന്‍ എത്രപേര്‍ നടന്നു,എന്നിട്ടു നന്നായോ.പക്ഷെ ഈ ഡിവൈഡറുകള്‍ മനുഷ്യന്റെ പരിചയങ്ങളിലെ നിയന്ത്രണ രേഖകളാകുന്നു. വ്യക്തികള്‍ തമ്മിലുള്ള പരിചയം ഒരൊറ്റ നോട്ടത്തിലൊതുക്കുന്നു. വാഹനങ്ങള്‍ തമ്മിലുള്ള പരിചയം ഒരു നിമിഷത്തെ കടന്നു പോക്കില്‍ തീരുന്നു.വേഗതയാര്‍ന്ന ജീവിതത്തില്‍ അപകടങ്ങളെ കുറയ്ക്കുന്നു. ഒരു പക്ഷെ, ഞാനെന്റെ ഭാര്യയെ കണ്ടത് ഒരു തിരിഞ്ഞൂ നോട്ടത്തിലൂടെയായിരുന്നോ? അറിയില്ല പക്ഷെ ഡിവൈഡറുകള്‍ ഞങ്ങള്‍ക്കിടയില്‍ നിയന്ത്രണ രേഖകളാകുന്നു.പലപ്പോഴും അപകടങ്ങളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുത്തുന്നു. പ്രണയം തളിര്‍ക്കുന്നു,പൂക്കുന്നു ,, കൊഴിഞ്ഞു വീഴുന്നു.....വീണ്ടും തളീര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു..കൊഴിഞ്ഞു വീഴുന്നു......വീണ്ടും...........വീണ്ടും........! ചിന്തകള്‍ കാടു കയറിക്കൊണ്ടിരിയ്ക്കുന്നു.....ചിന്തിയ്ക്കരുത്...ചിന്തിയ്ക്കുന്നത് അപകടമാണ്.....അവിടെ ഡിവൈഡറുകള്‍ വയ്ക്കണം. പെട്ടെന്നവന്‍ ഉണര്‍ന്നു..പതിവു ചായ ...വായന എല്ലാം മുടങ്ങി.പക്ഷെ അര്‍ദ്ധനാരീശ്വരന്‍ അവിടെ കാത്തിരിയ്ക്കുന്നു.അവന്‍ ബൈക്കിന്റെ വേഗത കൂട്ടി. ഡിവൈഡറുകള്‍ ശ്രദ്ധിച്ചു കൊണ്ടു തന്നെ. |
Tuesday, April 29, 2008
യാത്ര
| പലപ്പോഴും യാത്രകളെ ഞാനൊരു ഭ്രാന്തമായ ആവേശത്തോടു കൂടിയാണ് ആസ്വദിച്ചിരുന്നത്. അവധിക്കാല യാത്രകള്‍ ഞങ്ങള്‍ക്കു പതിവായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കളുടെ സൊറപറച്ചിലിനിടയിലെ സ്ഥിരം സംസാരവിഷയം യാത്രകള്‍ തന്നെയായിരുന്നു.പതിവു രീതിയില്‍ നിന്നുള്ള യാത്രകളില്‍ നിന്നു മാറി അല്‍പ്പം സാഹസികതയാവാം എന്നു ചിന്തിച്ച് അബദ്ധങ്ങളില്‍ ചെന്നു ചാടുന്നതും പതിവായിരുന്നു.എങ്കിലും ഞങ്ങള്‍ യാത്രകളെ ആസ്വദിച്ചിരുന്നു,അതൊരുപക്ഷെ ഞങ്ങളെ പോലെ തന്നെ ആസ്വദിച്ചിരുന്നു. യാത്രകളിലെ പതിവു കാഴ്ചകള്‍ പലപ്പോഴും സുഖമുള്ള ഓര്‍മ്മകളും അനുഭവങ്ങളും ആയിത്തീരാറുണ്ട്. ചില യാത്രകള്‍ അടയാളങ്ങളായും മാറാറുണ്ട്. ഈ അടയാളങ്ങള്‍ അടുത്തയാത്രയ്ക്കുള്ള അടയാളവാക്കും ആയി മാറുന്ന സംഭവങ്ങളും ഉണ്ട്. ഒരു യാത്രയെക്കുറിച്ച് ചുമ്മാ അങ്ങു പറയാന്‍ പറഞ്ഞാല്‍ വളരെ എളുപ്പത്തില്‍ അങ്ങു പറഞ്ഞു തീരും,പക്ഷെ ഒരു ഓര്‍മ്മക്കുറിപ്പെഴുതാന്‍ പറഞ്ഞാല്‍ വലയുകയേ ഉള്ളു.അത്രയ്ക്കുണ്ടാവും എഴുതാനും,ഓര്‍ത്തെടുക്കാനും. ഓരോ യാത്രകളും ഓരോ ചിത്രങ്ങളായി മാറുന്ന അവസരങ്ങളാണ് അധികവും.അതു നല്‍കുന്ന കാഴ്ച സുഖം ഒരിയ്ക്കലും പറഞ്ഞറിയിയ്ക്കാനാവില്ല.സൂര്യന്‍ നേരത്തെ അസ്തമിയ്ക്കുന്ന തെരുവുകളില്‍,വഴിവിളക്കുകളുടെ ചുവട്ടിലൂടെ കൈയ്യില്‍ സഞ്ചിയുമായി വീട്ടിലേയ്ക്കു നീങ്ങൂന്ന അച്ച്ചന്മാര്‍, തെരുവോരത്തെ ബസ്സ് സ്റ്റോപ്പില്‍ ബസ്സിനു വേണ്ടി കാത്തുനില്‍ക്കുന്ന അമ്മമാര്‍,ആളുകേറാത്തതിന് പരാതി പറഞ്ഞു കൊണ്ടു നില്‍ക്കുന്ന ക്ഷുരകന്‍മാര്‍,അര്‍ദ്ധരാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്ത ഭര്‍ത്താക്കന്‍മാരെ ജനാലയ്ക്കല്‍ കാത്തുനില്‍ക്കുന്ന ഭാര്യമാര്‍,മദ്യത്തിന്റെ ലഹരിയില്‍ തെരുവീഥിയില്‍ കറങ്ങി നടക്കുന്ന സായിപ്പന്മാര്‍ക്ക് വേശ്യകളെ എത്തിയ്ക്കാന്‍ നടക്കുന്ന ഏജന്റുമാര്‍,വായനശാലകളിലെ തണുത്തുറഞ്ഞ വായനാമുറികള്‍,ആളൊഴിഞ്ഞ പാര്‍ക്കുകളിലെ പൊട്ടിപ്പൊളിഞ്ഞ സീസോകള്‍........അങ്ങനെ എത്രയെത്ര കാഴ്ചകള്‍... ഒരു കാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്നു ഇത്തരം കാഴ്ചകള്‍.ഒരു യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്ന സമയം മരണതുല്യമായ സങ്കടം നല്‍കിയിരുന്ന കാലമുണ്ടായിരുന്നു.ഇന്ന് ഒരു കൊച്ചു യാത്രയെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലുമുള്ള അവസരം തരാതെ, മുഴുവന്‍ സമയവും അപഹരിച്ചു കഴിഞ്ഞു കാലം.ഉത്സവങ്ങള്‍ക്കുള്ള കൊച്ചുയാത്രകള്‍ മുതല്‍ ഗ്രാമങ്ങളീലേയ്ക്കും നഗരങ്ങളിലേയ്ക്കുമുള്ള ആഡംബര യാത്രകള്‍ വരെ നഷ്ടപ്പെട്ടു പോയി.ഇവയൊക്കെ ഒരു സ്വപ്നമായി മാത്രം അവശേഷിക്കുന്നു. ഇന്ന് ഒരു യാത്രയെക്കുറിച്ച് ആലോചിയ്ക്കുമ്പോള്‍ തന്നെ മനസ്സു പറയുന്നു, “സഫലമീ യാത്ര” |
Thursday, April 24, 2008
അകാലമരണം
| ചരമം ഒന്നാം ചരമവാര്‍ഷികം (തിയതി......) ഫോട്ടോ ? ദു:ഖാര്‍ത്തരായ നാട്ടുകാര്‍ “അയ്യോ”, പത്രത്തില്‍ ഈ ചരമവാര്‍ത്ത കണ്ടപ്പോള്‍ അറിയാതെ കരഞ്ഞു പോയി. ഇതു മുരുകനല്ലേ,പൊള്ളാച്ചിക്കാരന്‍ മുരുകന്‍. വയസ്സ് 35, കറുത്തു മെലിഞ്ഞ മുരുകന്‍. ഇവന്റെ മരണവും ഞാന്‍ വായിക്കേണ്ടി വന്നോ, ഇതു മരിയ്ക്കേണ്ട പ്രായമാണോ? എനിയ്ക്കു തോന്നുന്നില്ല.അതൊരു പക്ഷെ തോന്നല്‍ മാത്രമായിരിയ്ക്കും. ഇതിനൊക്കെയായിരിയ്ക്കും അകാലമരണം എന്നൊക്കെ പറയുന്നത്. എന്റെ പ്രായമാണോ മുരുകന്,അതോ എനിയ്ക്കു മുരുകന്റെ പ്രായമാണോ. അല്ലെങ്കിലും അതിനിവിടെ പ്രസക്തിയില്ല. ഇവിടെ ഞാനൊരു കാര്യം ശ്രദ്ധിച്ചത് ദു:ഖം നാട്ടുകാരാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.മുരുകന്‍ അങ്ങനെയായിരുന്നു.നാട്ടുകാര്‍ക്കും,വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍. അവന്‍ ജനിച്ചത് തമിഴ്നാട്-കേരള അതിര്‍ത്തിയിലെ പൊള്ളാച്ചിയിലായിരുന്നു. പോത്തു കച്ചവടക്കാരന്‍ അച്ചന്റെ മകന്‍ പക്ഷെ പോത്തു കച്ചവടത്തിനിറങ്ങിയില്ല,പകരം അവന്റെ കഴിവിനെ കച്ചവടമാക്കി. അവനറിയാത്ത പണികളില്ല.ഞാന്‍ കാണുമ്പോള്‍ പുല്‍പ്പായ കച്ചവടമായിരുന്നു കക്ഷിയ്ക്ക്. മുരുകനെ അറിയാത്തവര്‍ ആരുമില്ല ആ നാട്ടില്‍.കൊച്ചു കുഞ്ഞുങ്ങള്‍ക്കുവരെ മുരുകനെ അറിയാം. അവന്‍ പായ വില്‍ക്കാന്‍ ചന്തയിലേയ്ക്കു പോകുന്ന കാഴ്ച അത്രയ്ക്കു സുന്ദരമാണ്. പൊള്ളാച്ചിയിലെ ജമന്തി പൂക്കളുടെ നിറമുള്ള അവന്റെ ഭാര്യ കല്ല്യാണിയെ അവന്റെ മോപ്പഡിന്റെ മുമ്പില്‍ പായകള്‍ക്കു മുകളില്‍ ഇരുത്തി ചിപ്പിയ്ക്കകത്തു കാത്തു സൂക്ഷിയ്ക്കുന്ന മുത്തിനെപ്പോലെ കൊണ്ടുപോകുന്ന കാഴ്ച,ആ പരിസരം മുഴുവന്‍ സ്നേഹത്തിന്റെ ജമന്തിപ്പൂക്കള്‍ വിതറിക്കൊണ്ടു പോകുന്ന കാഴ്ച,അത്രയും സുന്ദരമായ കാഴ്ച ജീവിതത്തില്‍ കിട്ടുന്ന അപൂര്‍വ്വ അവസരങ്ങളില്‍ ഒന്നായി ഞാന്‍ കരുതുന്നു.ദൈവം അറിഞ്ഞൂ തരുന്ന നിമിഷങ്ങള്‍. എപ്പഴും ചിരിയാണ് മുരുകന്റെ മുഖത്ത്.ആ പുഞ്ചിരി സമ്മാനിയ്ക്കുന്ന സുഖം, അതു പറഞ്ഞറിയിയ്ക്കാന്‍ വയ്യ.എപ്പോഴും ചിരിയ്ക്കുന്ന,ഭാര്യയെ മുത്തിനെപ്പോലെ കൊണ്ടു നടക്കുന്ന,സ്നേഹത്തിന്റെ ജമന്തിപ്പൂക്കള്‍ വിതറുന്ന മുരുകന്‍ തന്നെയാണോ ഈ ചരമക്കോളത്തില്‍ എന്നു എനിയ്ക്കിപ്പോഴും സംശയമാണ്.മരണം ഒരു കോമാളിയായി മാറുന്ന നിമിഷങ്ങളായിരിയ്ക്കും ഇതെല്ലാം. ഇനി അവിടെ പൊള്ളാച്ചിക്കാരന്‍ മുരുകന്‍ ഇല്ല.എങ്ങിനെയായിരുന്നു അവന്റെ മരണം എന്നു തിരക്കാനും പോയില്ല. എന്തോ അങ്ങനെ തോന്നിയില്ല. സ്നേഹത്തിന്റെ ജമന്തിപ്പൂക്കള്‍ ഇനി ആ വഴികളില്‍ കാണീല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം. ഇങ്ങനെ എത്രയോ മരണങ്ങള്‍ നടക്കുന്നു ഈ ലോകത്ത്.എല്ലാത്തിന്റെയും പൊരുളു തേടിപ്പോകാനാവില്ലല്ലോ...എല്ലാതും അകാലമരണങ്ങളും ആകുന്നില്ല. ഈ പ്രായമെത്താതെ സ്വീകരിയ്ക്കുന്ന മരണങ്ങളാണോ അകാലമരണങ്ങള്‍....ആയിരിയ്ക്കും..! അപ്പോള്‍ മുരുകന്റേതും ഒരു അകാലമരണമാവാം. |
Saturday, April 19, 2008
ഒരു നാണുക്കഥ
| ഇത് നാരായണേട്ടനെക്കുറിച്ചാണ്।ഞങ്ങടെ നാണുവേട്ടനെക്കുറിച്ച്।നാണുവേട്ടന്‍ അറിയപ്പെടുന്ന സാഹിത്യകാരനോ,വാഗ്മിയോ,തത്ത്വചിന്തകനോ ഒന്നുമല്ല, പക്ഷെ ഇതൊക്കെയാണ് ഞങ്ങടെ നാണുവേട്ടന്‍। ഒരു ഓള്‍ റൌണ്ടര്‍।ഞങ്ങടെ നാട്ടില്,ഞങ്ങളെ കുറച്ചു പേരെ പുകപിടിയ്ക്കാനും,കള്ളുകുടിയ്ക്കാനും,അത്യാവശ്യം തല്ലും പിടിയും ഉണ്ടാക്കാനും ശീലിപ്പിച്ചത് പുള്ളിയാ, അത്തരത്തില്‍ നോക്കിയാല്‍ സ്ഥലത്തെ പ്രധാനി। രാമേട്ടന്റെ ചായക്കടയിലെ ഏറ്റവും വലിയ പറ്റുകാരന്‍,രാമേട്ടന്റെ കച്ചവട തന്ത്രം। അതെന്താന്നു വെച്ചാ നാണുവേട്ടന്‍ ഉള്ള സ്ഥലങ്ങളില്‍ പത്താളു കൂടും,അധികവും പുള്ളിയുടെ അരാധകരാ।രാമേട്ടന്റെ അഭിപ്രായത്തില്‍ ഈ ആള്‍ക്കൂട്ടം നടവഴിയില്‍ കൂടുന്നതിനു പകരം തന്റെ കടയില്‍ കൂടുവാണേല്‍ നല്ല കച്ചവടം കിട്ടുമല്ലോ।ആ വകയില്‍ നാണുവേട്ടന് അവിടെ പറ്റാ। നാണുവേട്ടന്‍ ഒരു പക്കാ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട് ആരാധകരില്‍ അധികവും യുവാക്കളാണ്।പക്ഷെങ്കില് പറച്ചിലില് മാത്രെ കമ്മ്യൂണിസം ഉള്ളു കേട്ടോ।തികഞ്ഞ ഭക്തന്‍,സുന്ദരിയായ ഭാര്യയും മകനും മകളും ഉണ്ട്। പക്ഷെ ചൈനയോട് വല്ലാത്ത സ്നേഹമാ,നമ്മുടെ ക്യൂബാ മുകുന്ദനെക്കാളും। പിന്നെ നാണുവേട്ടന്റെ സാഹസങ്ങളില്‍ ഏറ്റവും പ്രധാനം അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നു എന്നുള്ളതാണ്।പതിനെട്ടാം വയസ്സില്‍ നാടുവിട്ട കക്ഷി പത്തു കൊല്ലം കഴിഞ്ഞാ പൊങ്ങുന്നത്। പൊങ്ങിയനേരത്ത് പുള്ളിക്കാരന്‍ പട്ടാള വേഷത്തിലായിരുന്നു।അതുകണ്ട് നാട്ടുകാര് തീരുമാനിച്ചതാണ്,കക്ഷി പട്ടാളത്തിലായിരുന്നെന്ന്।അതിനും മറ്റൊരു പക്ഷമുണ്ടായിരുന്നു,കക്ഷി ജോലിയ്ക്കുനിന്നിരുന്ന വീട്ടിലെ പട്ടാളക്കാര്‍ന്റെ വേഷം അടിച്ചോണ്ട് വന്നതാണെന്ന്। നാണുവേട്ടനോട് പട്ടാള ജീവിതത്തെക്കുറിച്ച് ചോദിയ്ക്കുവാണേല്‍ :- “നാണുവേട്ടാ,ങ്ങള് പട്ടാളത്തിലായിരുന്നില്ലേ?” “ന്താ ത്ര സംശയം?” “അപ്പൊ കാട്ടിലൊക്കെ പോവേണ്ടി വന്നിട്ടില്ലേ?” “പിന്നേ,നമ്മള് കാണാത്ത കാട് ണ്ടോ?” “അപ്പൊ വല്ല സിംഹോ പുലിയോ വന്നാലോ? ങ്ങക്ക് പേടിയില്ലേ?” “പഹയാ, സിംഹോം പുലിയൊന്നും അങ്ങനെ എല്ലാരെയും പിടിച്ച് തിന്നൊന്നും ല്ല്യാ।അതീനൊക്കെ കാട്ടില് നിയമണ്ട്।അതൊക്കെ ഇവമ്മാരല്ലെ ണ്ടാക്കണെ।പുതിയാള്‍ക്കാര് വന്നാ വെറുതെ വിടണം ന്നാ। നിയ്ക്കന്നെ എത്ര അനുഭവണ്ടായിരിയ്ക്കണു।” ഇതായിരിയ്ക്കും മറുപടി। അവധിക്കാലങ്ങളാണ് ഞങ്ങളെ നാടുമായി അടുപ്പിച്ചിരുന്നത്।അവധിക്കാലങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങിയപ്പൊള്‍ നാടും ഞങ്ങള്‍ക്ക് നഷ്റ്റപ്പെട്ടു,കൂടെ നാണുവേട്ടനെയും।ഇടയ്ക്ക് ഞാനെഴുതിയിരുന്നു കക്ഷിയ്ക്ക്,ചിലതിന് മറുപടികിട്ടി,പിന്നെ അതും ഇല്ലാണ്ടായി। ഇടയ്ക്ക് നാട്ടില്‍ പോയിരുന്നു,ഈ അടുത്തകാലത്ത്।നാണുവേട്ടനെ അന്വേഷിച്ചു,കണ്ടില്ല।രാമേട്ടന്റെ കടയിലെ ബെഞ്ചും ഒഴിഞ്ഞു കിടക്കുകയായിരുന്നു। ഞങ്ങള്‍ക്കൊക്കെ ഒരുപാടൊരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച് രാമേട്ടന്‍ പോയി,മറ്റൊരു ലോകത്തേയ്ക്ക്....ഓര്‍മ്മകളിലൂടെ ജീവിച്ചുകൊണ്ട്.... |
Tuesday, April 15, 2008
വേശ്യ.
| അവള്‍.... അവള്‍ സുന്ദരിയായിരുന്നു,മുല്ലപ്പൂവിന്റെ നിറമുള്ളവള്‍. അവളുടെ നക്ഷത്രകണ്ണുകള്‍ക്ക് ഈ പ്രപഞ്ചത്തെ പ്രതിബിംബിപ്പിയ്ക്കാനുള്ള കരുത്തുണ്ടായിരുന്നു. അവള്‍ സ്ത്രീയായിരുന്നു...... അവളെക്കുറിച്ച് അവളോടു ചോദിച്ചപ്പോള്‍ :- “ആരാണു നീ ?” “ഞാനോ....? ഞാനൊരു വേശ്യ...” വേശ്യ.....? “ശരീരം ദാനം ചെയ്യുന്നവള്‍....ആറടിമണ്ണിന്റെ അവകാശി....പലരുടെയും രാത്രികള്‍ എന്റേതു മാത്രമാക്കിയവള്‍.” “ഇതില്‍ നീ അഭിമാനം കൊള്ളുന്നുവോ?” “അഭിമാനം...?ഞാനൊരിയ്ക്കലും തലകുനിച്ചിട്ടില്ല....ഞാനാകാശങ്ങളെ സ്നേഹിയ്ക്കുന്നു....എനിയ്ക്കു പ്രിയപ്പെട്ടവരെല്ലാം അവിടെയാണ്... ഈ ഭൂമി എനിയ്ക്കു കിടക്കാനൊരിടം മാത്രം.....രാത്രികള്‍ക്ക് എന്നെ വേണമെന്നു തോന്നുമ്പോള്‍....നിശാഗന്ധികള്‍ എന്റെ തലോടലിനായി കൊതിയ്ക്കുമ്പോള്‍ മാത്രം ഞാനിറങ്ങി വരുന്നു...ഇങ്ങ് ഈ ഭൂമിയിലേയ്ക്ക്..പിന്നെ അവയെല്ലാം എന്റെ സ്വന്തം...” “ഇതിന്റെ അവസാനം...? “ “അവസാനം...അങ്ങനെയൊന്നുണ്ടോ....?ഓരോ അന്ത്യവും മറ്റൊന്നിന്റെ ആരംഭം മാത്രം.... ഞാന്‍ സതിയാണ്...സ്വയം എരിഞ്ഞടങ്ങുന്നവള്‍....അഗ്നിയെ സ്നേഹിയ്ക്കുന്നവള്‍....സതിയ്ക്കു മരണമില്ല....മരണം അവളെ ഒരുപാടു സ്നേഹിയ്ക്കുന്നു......അവളാണ് മരണത്തെ സ്വീകരിയ്ക്കേണ്ടത്....“ രാത്രികള്‍ക്ക് അവളെ വേണം....മരണത്തിനും അവളെ വേണം....അവള്‍ തിരഞ്ഞെടുക്കേണ്ടവളാണ്..തിരഞ്ഞെടുക്കപ്പെടേണ്ടവളല്ല.. |
Wednesday, April 9, 2008
ചില വീണ്ടുവിചാരങ്ങള്‍
| “പിതാവിനും പുത്രനും,പരിശുദ്ധാത്മാവിനും............” അവന്‍ കണ്ണുകളടച്ചു. പിതാവും പുത്രനും അച്ച്ചനും മകനും ഫാദര്‍ ആന്‍ഡ് സണ്‍ അവന്‍ പലതരത്തില്‍, പലവട്ടം പറഞ്ഞു നോക്കി. ഇവിടെ ആരൊക്കെ.......... സുഹൃത്ത്...? വഴികാട്ടി......? ലക്ഷ്യം.........? അവന്‍ വിഷയത്തില്‍ നിന്നും വിട്ടു പോയതു പോലെ,അവനു തോന്നി. ഒരൊറ്റ രാത്രി കൊണ്ട് ഇവന് നഷ്ടപ്പെട്ടത് ആരൊക്കെ. അവന് പേരുകള്‍ വേണം ആ ശൂന്യതയില്‍ നിറയ്ക്കാന്‍. ഇന്ന് പിതാവും പുത്രനും, അവന് രണ്ടായേ കാണാനാവുന്നുള്ളൂ. രണ്ടു വ്യക്തികള്‍. ഓര്‍മ്മ വെച്ച കാലം തൊട്ട് അവന്‍ കാണുന്ന ആ ചിത്രം, അവന്റെ പിതാവിന്റെ. അവന്‍ ആരാധിച്ചിരുന്ന, സ്നേഹിച്ചിരുന്ന ആ ചിത്രം ഇന്നൊരു ബാധ്യതയായി അവനില്‍ പരിണമിച്ചിരിയ്ക്കുന്നു. “കൃത്യമായി അളന്നു തുന്നിയ മേലങ്കിയണീഞ്ഞ്, മുഖമുയര്‍ത്തീ,ഒന്നു പുഞ്ചിരിച്ച്” എടുത്ത ആ ചിത്രം. അവനില്‍ ഇന്നു ഭയമുണ്ടാക്കി തുടങ്ങിയിരിയ്ക്കുന്നു. “ ണിം....ണിം.....ണിം...” അവന്റെ കണ്ണുകള്‍ തുറന്നു. അവന്റെ ഉള്ളില്‍ ഒരു ചോദ്യം ഉയര്‍ന്നു....”ആരു പറഞ്ഞു മരണം ഒന്നെയുള്ളുവെന്ന്?” |
Tuesday, April 8, 2008
പ്രണയത്തിന്റെ കയ്യൊപ്പ്
| "ഞാന്‍ നിന്നെ സ്നേഹിയ്ക്കുന്നു “,അവള്‍ പറഞ്ഞു. “ഞാന്‍ നിന്നെ അതിലേറെ സ്നേഹിയ്ക്കുന്നു”, അവന്‍ പറഞ്ഞു. “ഞാന്‍ നിന്നെ ഈ ഭൂമിയോളം സ്നേഹിയ്ക്കുന്നു”, അവള്‍. “ഞാന്‍ നിന്നെ ആകശത്തോളം സ്നേഹിയ്ക്കുന്നു”, അവന്. ഉപമകള്‍ ഭൂമിയും,ആകാശവും,സൌരയൂഥവും കടന്നു. “അപ്പോള്‍ നീയെന്നെ സ്നേഹിയ്ക്കുന്നു”, അവള്‍ ചോദിച്ചു. “അതെ”,അവന്‍. “എനിയ്ക്കെന്തു തരും ?”, അവള്‍. “ഞാന്‍ നിന്നെ എന്റെ പ്രാണനെക്കാള്‍ സ്നേഹിയ്ക്കുന്നു.ചോദിയ്ക്കുന്നതെന്തും തരും”,അവന്. അവള്‍ക്കു തോന്നി,’പ്രാണനെക്കാള്‍ സ്നേഹിയ്ക്കുന്നെങ്കില്‍.......പ്രാണന്‍ ഒരു വിലപിടിച്ച എന്തോ ഒന്നു തന്നെ’ അവള്‍ പ്രാണന്‍ ചോദിച്ചു. അവന്‍ പുഞ്ചിരിച്ചു. അവന്റെ കൈയ്യില്‍ തുടിയ്ക്കുന്ന ഹൃദയം. അവന്റെ ചുണ്ടില്‍ പുഞ്ചിരി. അവളുടെ മടിയില്‍ കിടന്നു മരണം. “ഞാന്‍ നിന്നെ എന്റെ പ്രാണനെക്കാള്‍ സ്നേഹിയ്ക്കുന്നു....” അവന്റെ ചുണ്ടില്‍ പുഞ്ചിരി... |
Monday, April 7, 2008
അമ്മയ്ക്ക്...
| ഇത് അമ്മയ്ക്കാണ്.ഞാനെന്ന സത്യത്തെ ഈ ഭൂമിയിലേയ്ക്കയച്ച ആ പുണ്യത്തിന്.ഇങ്ങനെയൊരു എഴുത്തിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചതാണ് “അമ്മയ്ക്കു വേണ്ടി” ഒരു താള് ഈ പുസ്തകത്തില്‍ വേണം എന്ന്.അതിന് ഏറ്റവും യോജിച്ചത് ആദ്യത്തെ താളല്ലാതെ മറ്റേതാണ്. ഇതൊരു ആത്മകഥയൊന്നുമല്ല,എന്റെ ചില തോന്നലുകള്‍ ഞാന്‍ കുത്തികുറിച്ച ചില വിഡ്ഡിത്തരങ്ങള്‍ ,അത്ര മാത്രം.ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതെന്റെ ഹരിശ്രീ കുറിയ്ക്കലാണ്. അത് അധികം ബോറാക്കാതെ തന്നെ കൊണ്ടുപോകണം എന്ന് എനിയ്ക്കു നിര്‍ബന്ധമുള്ളതു കൊണ്ട് ഞാനധികം നീട്ടുന്നില്ല. “അമ്മയ്ക്ക് എന്റെ പ്രണാമം” |