Saturday, April 19, 2008

ഒരു നാണുക്കഥ

ത് നാരായണേട്ടനെക്കുറിച്ചാണ്।ഞങ്ങടെ നാണുവേട്ടനെക്കുറിച്ച്।നാണുവേട്ടന്‍ അറിയപ്പെടുന്ന സാഹിത്യകാരനോ,വാഗ്മിയോ,തത്ത്വചിന്തകനോ ഒന്നുമല്ല, പക്ഷെ ഇതൊക്കെയാണ് ഞങ്ങടെ നാണുവേട്ടന്‍। ഒരു ഓള്‍ റൌണ്ടര്‍।ഞങ്ങടെ നാട്ടില്,ഞങ്ങളെ കുറച്ചു പേരെ പുകപിടിയ്ക്കാനും,കള്ളുകുടിയ്ക്കാനും,അത്യാവശ്യം തല്ലും പിടിയും ഉണ്ടാക്കാനും ശീലിപ്പിച്ചത് പുള്ളിയാ, അത്തരത്തില്‍ നോക്കിയാല്‍ സ്ഥലത്തെ പ്രധാനി। രാമേട്ടന്റെ ചായക്കടയിലെ ഏറ്റവും വലിയ പറ്റുകാരന്‍,രാമേട്ടന്റെ കച്ചവട തന്ത്രം।
അതെന്താന്നു വെച്ചാ നാണുവേട്ടന്‍ ഉള്ള സ്ഥലങ്ങളില്‍ പത്താളു കൂടും,അധികവും പുള്ളിയുടെ അരാധകരാ।രാമേട്ടന്റെ അഭിപ്രായത്തില്‍ ഈ ആള്‍ക്കൂട്ടം നടവഴിയില്‍ കൂടുന്നതിനു പകരം തന്റെ കടയില്‍ കൂടുവാണേല്‍ നല്ല കച്ചവടം കിട്ടുമല്ലോ।ആ വകയില്‍ നാണുവേട്ടന് അവിടെ പറ്റാ।
നാണുവേട്ടന്‍ ഒരു പക്കാ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട് ആരാധകരില്‍ അധികവും യുവാക്കളാണ്।പക്ഷെങ്കില് പറച്ചിലില് മാത്രെ കമ്മ്യൂണിസം ഉള്ളു കേട്ടോ।തികഞ്ഞ ഭക്തന്‍,സുന്ദരിയായ ഭാര്യയും മകനും മകളും ഉണ്ട്। പക്ഷെ ചൈനയോട് വല്ലാത്ത സ്നേഹമാ,നമ്മുടെ ക്യൂബാ മുകുന്ദനെക്കാളും।
പിന്നെ നാണുവേട്ടന്റെ സാഹസങ്ങളില്‍ ഏറ്റവും പ്രധാനം അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നു എന്നുള്ളതാണ്।പതിനെട്ടാം വയസ്സില്‍ നാടുവിട്ട കക്ഷി പത്തു കൊല്ലം കഴിഞ്ഞാ പൊങ്ങുന്നത്। പൊങ്ങിയനേരത്ത് പുള്ളിക്കാരന്‍ പട്ടാള വേഷത്തിലായിരുന്നു।അതുകണ്ട് നാട്ടുകാര് തീരുമാനിച്ചതാണ്,കക്ഷി പട്ടാളത്തിലായിരുന്നെന്ന്।അതിനും മറ്റൊരു പക്ഷമുണ്ടായിരുന്നു,കക്ഷി ജോലിയ്ക്കുനിന്നിരുന്ന വീട്ടിലെ പട്ടാളക്കാര്‍ന്റെ വേഷം അടിച്ചോണ്ട് വന്നതാണെന്ന്।
നാണുവേട്ടനോട് പട്ടാള ജീവിതത്തെക്കുറിച്ച് ചോദിയ്ക്കുവാണേല്‍ :-
“നാണുവേട്ടാ,ങ്ങള് പട്ടാളത്തിലായിരുന്നില്ലേ?”
“ന്താ ത്ര സംശയം?”
“അപ്പൊ കാട്ടിലൊക്കെ പോവേണ്ടി വന്നിട്ടില്ലേ?”
“പിന്നേ,നമ്മള് കാണാത്ത കാട് ണ്ടോ?”
“അപ്പൊ വല്ല സിംഹോ പുലിയോ വന്നാലോ? ങ്ങക്ക് പേടിയില്ലേ?”
“പഹയാ, സിംഹോം പുലിയൊന്നും അങ്ങനെ എല്ലാരെയും പിടിച്ച് തിന്നൊന്നും ല്ല്യാ।അതീനൊക്കെ കാട്ടില് നിയമണ്ട്।അതൊക്കെ ഇവമ്മാരല്ലെ ണ്ടാക്കണെ।പുതിയാള്‍ക്കാര് വന്നാ വെറുതെ വിടണം ന്നാ। നിയ്ക്കന്നെ എത്ര അനുഭവണ്ടായിരിയ്ക്കണു।” ഇതായിരിയ്ക്കും മറുപടി।
അവധിക്കാലങ്ങളാണ് ഞങ്ങളെ നാടുമായി അടുപ്പിച്ചിരുന്നത്।അവധിക്കാലങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങിയപ്പൊള്‍ നാടും ഞങ്ങള്‍ക്ക് നഷ്റ്റപ്പെട്ടു,കൂടെ നാണുവേട്ടനെയും।ഇടയ്ക്ക് ഞാനെഴുതിയിരുന്നു കക്ഷിയ്ക്ക്,ചിലതിന് മറുപടികിട്ടി,പിന്നെ അതും ഇല്ലാണ്ടായി।
ഇടയ്ക്ക് നാട്ടില്‍ പോയിരുന്നു,ഈ അടുത്തകാലത്ത്।നാണുവേട്ടനെ അന്വേഷിച്ചു,കണ്ടില്ല।രാമേട്ടന്റെ കടയിലെ ബെഞ്ചും ഒഴിഞ്ഞു കിടക്കുകയായിരുന്നു।
ഞങ്ങള്‍ക്കൊക്കെ ഒരുപാടൊരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച് രാമേട്ടന്‍ പോയി,മറ്റൊരു ലോകത്തേയ്ക്ക്....ഓര്‍മ്മകളിലൂടെ ജീവിച്ചുകൊണ്ട്....

3 comments:

Unknown said...

ഈ നാണുവേട്ടനെ പോലെയാണു ഏല്ലാം കമ്മൂണിസ്റ്റുകാരും ദൈവമില്ലാന്നൊക്കെ പറയും പക്ഷെ തലേമുണ്ടിട്ട് അമ്പലത്തില്‍ പോകും

മുസാഫിര്‍ said...

ഒന്നു കൂ‍ടി വിശദമായി എഴുതാമായിരുന്നില്ലെ നാണുവേട്ടനെക്കുറിച്ച്,വായിച്ച് രസം പിടിച്ചപ്പോഴേക്കും അവസാ‍നിച്ച പോലെ.

വേണു venu said...

മുസാഫിര്‍ പറഞ്ഞതു ശരിയാണു്.
നാണുവേട്ടനെ കുറിച്ചു് പകുതി പറഞ്ഞു തീര്‍ത്ത പോലെ.