Thursday, April 24, 2008

അകാലമരണം

ചരമം
ഒന്നാം ചരമവാര്‍ഷികം
(തിയതി......)

ഫോട്ടോ
?

ദു:ഖാര്‍ത്തരായ നാട്ടുകാര്‍

“അയ്യോ”, പത്രത്തില്‍ ഈ ചരമവാര്‍ത്ത കണ്ടപ്പോള്‍ അറിയാതെ കരഞ്ഞു പോയി. ഇതു മുരുകനല്ലേ,പൊള്ളാച്ചിക്കാരന്‍ മുരുകന്‍. വയസ്സ് 35, കറുത്തു മെലിഞ്ഞ മുരുകന്‍. ഇവന്റെ മരണവും ഞാന്‍ വായിക്കേണ്ടി വന്നോ, ഇതു മരിയ്ക്കേണ്ട പ്രായമാണോ? എനിയ്ക്കു തോന്നുന്നില്ല.അതൊരു പക്ഷെ തോന്നല്‍ മാത്രമായിരിയ്ക്കും. ഇതിനൊക്കെയായിരിയ്ക്കും അകാലമരണം എന്നൊക്കെ പറയുന്നത്. എന്റെ പ്രായമാണോ മുരുകന്,അതോ എനിയ്ക്കു മുരുകന്റെ പ്രായമാണോ. അല്ലെങ്കിലും അതിനിവിടെ പ്രസക്തിയില്ല.
ഇവിടെ ഞാനൊരു കാര്യം ശ്രദ്ധിച്ചത് ദു:ഖം നാട്ടുകാരാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.മുരുകന്‍ അങ്ങനെയായിരുന്നു.നാട്ടുകാര്‍ക്കും,വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍. അവന്‍ ജനിച്ചത് തമിഴ്നാട്-കേരള അതിര്‍ത്തിയിലെ പൊള്ളാച്ചിയിലായിരുന്നു. പോത്തു കച്ചവടക്കാരന്‍ അച്ചന്റെ മകന്‍ പക്ഷെ പോത്തു കച്ചവടത്തിനിറങ്ങിയില്ല,പകരം അവന്റെ കഴിവിനെ കച്ചവടമാക്കി. അവനറിയാത്ത പണികളില്ല.ഞാന്‍ കാണുമ്പോള്‍ പുല്‍പ്പായ കച്ചവടമായിരുന്നു കക്ഷിയ്ക്ക്.
മുരുകനെ അറിയാത്തവര്‍ ആരുമില്ല ആ നാട്ടില്‍.കൊച്ചു കുഞ്ഞുങ്ങള്‍ക്കുവരെ മുരുകനെ അറിയാം. അവന്‍ പായ വില്‍ക്കാന്‍ ചന്തയിലേയ്ക്കു പോകുന്ന കാഴ്ച അത്രയ്ക്കു സുന്ദരമാണ്. പൊള്ളാച്ചിയിലെ ജമന്തി പൂക്കളുടെ നിറമുള്ള അവന്റെ ഭാര്യ കല്ല്യാണിയെ അവന്റെ മോപ്പഡിന്റെ മുമ്പില്‍ പായകള്‍ക്കു മുകളില്‍ ഇരുത്തി ചിപ്പിയ്ക്കകത്തു കാത്തു സൂക്ഷിയ്ക്കുന്ന മുത്തിനെപ്പോലെ കൊണ്ടുപോകുന്ന കാഴ്ച,ആ പരിസരം മുഴുവന്‍ സ്നേഹത്തിന്റെ ജമന്തിപ്പൂക്കള്‍ വിതറിക്കൊണ്ടു പോകുന്ന കാഴ്ച,അത്രയും സുന്ദരമായ കാഴ്ച ജീവിതത്തില്‍ കിട്ടുന്ന അപൂര്‍വ്വ അവസരങ്ങളില്‍ ഒന്നായി ഞാന്‍ കരുതുന്നു.ദൈവം അറിഞ്ഞൂ തരുന്ന നിമിഷങ്ങള്‍.
എപ്പഴും ചിരിയാണ് മുരുകന്റെ മുഖത്ത്.ആ പുഞ്ചിരി സമ്മാനിയ്ക്കുന്ന സുഖം, അതു പറഞ്ഞറിയിയ്ക്കാന്‍ വയ്യ.എപ്പോഴും ചിരിയ്ക്കുന്ന,ഭാര്യയെ മുത്തിനെപ്പോലെ കൊണ്ടു നടക്കുന്ന,സ്നേഹത്തിന്റെ ജമന്തിപ്പൂക്കള്‍ വിതറുന്ന മുരുകന്‍ തന്നെയാണോ ഈ ചരമക്കോളത്തില്‍ എന്നു എനിയ്ക്കിപ്പോഴും സംശയമാണ്.മരണം ഒരു കോമാളിയായി
മാറുന്ന നിമിഷങ്ങളായിരിയ്ക്കും ഇതെല്ലാം.
ഇനി അവിടെ പൊള്ളാച്ചിക്കാരന്‍ മുരുകന്‍ ഇല്ല.എങ്ങിനെയായിരുന്നു അവന്റെ മരണം എന്നു തിരക്കാനും പോയില്ല. എന്തോ അങ്ങനെ തോന്നിയില്ല. സ്നേഹത്തിന്റെ ജമന്തിപ്പൂക്കള്‍ ഇനി ആ വഴികളില്‍ കാണീല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം.
ഇങ്ങനെ എത്രയോ മരണങ്ങള്‍ നടക്കുന്നു ഈ ലോകത്ത്.എല്ലാത്തിന്റെയും പൊരുളു തേടിപ്പോകാനാവില്ലല്ലോ...എല്ലാതും അകാലമരണങ്ങളും ആകുന്നില്ല. ഈ പ്രായമെത്താതെ സ്വീകരിയ്ക്കുന്ന മരണങ്ങളാണോ അകാലമരണങ്ങള്‍....ആയിരിയ്ക്കും..!
അപ്പോള്‍ മുരുകന്റേതും ഒരു അകാലമരണമാവാം.

3 comments:

siva // ശിവ said...

മനസ്സിനെ ഒരുപാട്‌ വിഷമിപ്പിച്ചു....

Unknown said...

മരണം എന്തു തന്നെയായ്യാലും അത് വലിയ്യൊരു ശുന്യത തന്നെയായിരിക്കും

aneeshans said...

നീലവരയിട്ട പുസ്തകത്തില്‍ മരണം മാത്രമേ നീയെഴുതൂ. പ്രണയത്തെക്കുറിച്ച് മരണം വരെ എഴുതിക്കോ